എസ്എഫ്ഐ നേതാവിന് പൊതുമധ്യത്തിൽ എസ് ഐയുടെ ക്രൂരമർദ്ദനം. എസ്എഫ്ഐ പള്ളുരുത്തി ഏരിയ വൈസ് പ്രസിഡന്റ് പി എസ് വിഷ്ണുവിനാണ് മർദ്ദനമേറ്റത്. പള്ളുരുത്തി സ്റ്റേഷനിലെ എസ് ഐ അശോകനാണ് മർദ്ദിച്ചത്. അക്വിനാസ് കോളേജിലെ ബിരുദ വിദ്യാർഥികളെ തടഞ്ഞുനിർത്തി അകാരണമായി പോലീസ് അസഭ്യം പറഞ്ഞത് വിഷ്ണു ചോദ്യം ചെയ്തതാണ് മർദനത്തിനു കാരണം. കഴിഞ്ഞ ദിവസം അക്വിനാസ് കോളേജ് ബസ് സ്റ്റോപ്പിൽ വച്ചാണ് സംഭവം.
തുടർന്ന് വിഷ്ണുവിനെ പോലീസ് സ്റ്റേഷനിലേക്കും കൊണ്ടുപോയി. പോലീസ് ജീപ്പിൽ പിടിച്ച് കയറ്റുന്നതിനിടെ തൻ്റെ നെഞ്ചിൽ എസ് ഐ പലതവണ ഇടിച്ച് പരിക്കേൽപ്പിച്ചു. സ്റ്റേഷനിലേക്കു പോകുന്നവഴി പോലീസ് കഴുത്തിൽ പിടിച്ച് ശ്വാസം മുട്ടിച്ചെന്നും, ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്നും വിഷ്ണു പറഞ്ഞു.
സംഭവത്തിൽ എസ് ഐ അശോകനെതിരെ അസിസ്റ്റന്റ് കമീഷണർക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്. വിഷ്ണുവിനെ അകാരണമായി മർദിച്ച എസ്ഐക്കെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് എസ്എഫ്ഐ പള്ളുരുത്തി ഏരിയ കമ്മിറ്റി അറിയിച്ചു. മർദ്ദനമേറ്റ വിഷ്ണു ആശുപത്രിയിൽ ചികിത്സ തേടി.
കഴിഞ്ഞ ദിവസം എസ്എഫ്ഐ നേതാവിനെ അകാരണമായി മർദ്ദിച്ച കോതമംഗലം എസ് ഐ മാഹിൻ സലീമിനെ സസ്പെൻഡ് ചെയ്തിരുന്നു. സുഹൃത്തിനെ കസ്റ്റഡിയിലെടുത്തത് എന്തിനെന്നറിയാൻ എത്തിയ എസ്എഫ്ഐ മുൻസിപ്പൽ ഈസ്റ്റ് ലോക്കൽ സെക്രട്ടറി റോഷനെയാണ് സലിം മർദ്ദിച്ചത്.