തലശ്ശേരി ഗവൺമെന്റ് കോളേജിന് അന്തരിച്ച സിപിഎം പൊളിറ്റ് ബ്യൂറോ അംഗവും ആഭ്യന്തര മന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണൻ്റെ പേര് നൽകണമെന്ന് ചൊക്ലി ഗ്രാമ പഞ്ചായത്ത്. ഇതിനായി ഭരണസമിതി പ്രമേയം പാസാക്കി. കോടിയേരി ബാലകൃഷ്ണൻ സ്മാരക ഗവണ്മെന്റ് കോളേജ് എന്നാക്കി പുനർനാമകരണം ചെയ്യണമെന്നാണ് പ്രമേയം. പഞ്ചായത്ത് പ്രസിഡന്റ് സി കെ രമ്യ അവതരിപ്പിച്ച പ്രമേയം ഭരണസമിതി ഐകകണ്ഠ്യേന അംഗീകരിച്ചു.
കോടിയേരി ബാലകൃഷ്ണൻ തലശ്ശേരി എം എൽ എ ആയിരുന്നപ്പോഴാണ് തലശ്ശേരി ഗവർമെൻ്റ് കോളേജ് യാഥാർത്ഥ്യമാക്കിയത്. മണ്ഡല വിഭജനത്തിനുമുൻപ് തലശ്ശേരി മണ്ഡലത്തിലായിരുന്നു ബ്രണ്ണൻ കോളേജ്. ധർമ്മടം മണ്ഡലം രൂപീകരിച്ചതോടെ ബ്രണ്ണൻ കോളേജ് ധർമ്മടം മണ്ഡലത്തിലായി. ഇതോടെ തലശ്ശേരി മണ്ഡലത്തിൽ കോളേജ് ഇല്ലാതായി. ആ സമയം തലശ്ശേരി എം എൽ എ ആയിരുന്ന കോടിയേരി ബാലകൃഷ്ണൻ തലശ്ശേരിയിൽ ജനകീയ പങ്കാളിത്തത്തോടെ പുതിയ സർക്കാർ കോളേജ് വേണമെന്ന ആശയം മുന്നോട്ട് വച്ചു. നാട്ടുകാർ മുന്നിട്ടിറങ്ങി ചൊക്ലിയിൽ ആറേക്കറോളം സ്ഥലം വിലയ്ക്ക് വാങ്ങി സർക്കാറിന് കൈമാറി. കോടിയേരിയുടെ എം എൽ എ ഫണ്ടിൽ നിന്നും 5 കോടി രൂപ അനുവദിച്ച് കെട്ടിടം പണിതു. 2014 ൽ ഉദ്ഘാടനം ചെയത് കോളേജിൽ ഇപ്പോൾ ബിരുദ-ബിരുദാനന്തര കോഴ്സുകളിലായി നാനൂറോളം വിദ്യാർഥികൾ പഠിക്കുന്നുണ്ട്.