തിരുവനന്തപുരം: കേരള സർവ്വകലാശാലയിലെ 15 സെനറ്റ് അംഗങ്ങളെ പിൻവലിച്ച ഗവർണറുടെ നടപടി ചട്ടവിരുദ്ധമെന്ന് കേരള വി.സി. സർവകലാശാല നിയമത്തിനും ചട്ടങ്ങൾക്കും അനുസരിച്ച് മാത്രമെ തനിക്ക് പ്രവർത്തിക്കാൻ സാധിക്കുവെന്ന് വി.സി വ്യക്തമാക്കി. തീരുമാനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വി.സി ഗവർണർക്ക് കത്തയച്ചു. സെനറ്റ് യോഗത്തിൽ നിന്നും വിട്ടുനിന്ന ചാൻസ്‍ലറുടെ നോമിനികളെയാണ് ശനിയാഴ്ച്ച ഗവർണർ പിൻവലിച്ചത്.
ഒക്ടോബർ 11ന് ഗവർണറുടെ നിർദേശ പ്രകാരം കേരള സർവകലാശാല വി.സി വിളിച്ച സെനറ്റ് യോഗത്തിൽ പങ്കെടുക്കാത്ത ചാൻസിലറായ തൻ്റെ 15 നോമിനികളെ പിൻവലിക്കാനായിരുന്നു ഗവർണറുടെ തീരുമാനം. എന്നാൽ ഗവർണറുടെ നടപടി ചട്ടവിരുദ്ധമെന്ന് കേരള സർവകലാശാല വി.സി വ്യക്തമാക്കുന്നു.
15 പേരിൽ 4 പേർ എക്സ് ഒഫീഷ്യോ അംഗങ്ങളാണ്. ഇവർ കൃത്യമായി സെനറ്റ് യോഗത്തിൽ എത്തിചേരാൻ സാധിക്കാത്തതിൻ്റെ കാരണം അറിയിച്ചിരുന്നു. ആയതിനാൽ ഇവരെ പിൻവലിക്കാൻ സാധിക്കില്ല. മറ്റ് 11 പേരെ നീക്കാൻ പ്രിൻസിപ്പൽ സെക്രട്ടറിയുടെ അറിയിപ്പ് പോരാ. ഗവർണറുടെ സെക്രട്ടറിയുടെ അറിയിപ്പ് ആനുസരിച്ച് വൈസ് ചാൻസിലർക്ക് നടപടി എടുക്കാൻ സാധിക്കില്ല. ചാൻസിലർ ഒപ്പു വച്ച രേഖ അനുസരിച്ചെ വി.സിക്ക് പ്രവർത്തിക്കാൻ സാധിക്കുവെന്നും കത്തിൽ വ്യക്തമാക്കുന്നു.
ചാൻസലറുടെ വിശ്വാസം നഷ്ടമായെന്ന് കാട്ടിയാണ് ഗവർണറുടെ നടപടി. എന്നാൽ അംഗങ്ങളുടെ വിശദീകരണം തേടാതെയുള്ള നടപടി ചട്ടവിരുദ്ധമാണെന്നാണ് വി.സി കത്തിൽ ചൂണ്ടിക്കാട്ടുന്നു.പ്രസക്തമായ കോടതി വിധികൾ കൂടി ഉദ്ധരിച്ചായിരുന്നു വിസിയുടെ മറുപടി.