ഉന്നത വിദ്യാഭ്യാസ മേഖലയെ കൂടുതൽ ഉയർത്തുന്നതിന് വേണ്ടിയുള്ള ഇടപെടലുകൾ നടത്തുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള സർവകലാശാലയുടെ വികസനത്തിനായി 150 കോടി രൂപയുടെ പദ്ധതികളാണ് സർക്കാർ നടപ്പാക്കി വരുന്നത്. ഉന്നതവിദ്യാഭ്യാസ മേഖലയെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്താൻ ആവശ്യമായ നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്. ഇതിനായി 48 കോടി രൂപയുടെ പദ്ധതികളാണ് സർക്കാരിൻ്റെ പരിഗണനയിലുള്ളത്. പൊതുവിദ്യാലയങ്ങൾക്ക് ആനുപാതികമായ മാറ്റം ഉന്നത വിദ്യാഭ്യാസ മേഖലയിലും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
കേരള സർവകലാശാല ഇന്ത്യയിലെ തന്നെ മികച്ച ഗ്രേഡ് നേടിയ സർവ്വകലാശാലയാണ്. ഈ നേട്ടങ്ങളെ തുടർന്ന് വിശ്രമിക്കുകയല്ല സർക്കാർ ചെയ്യുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയെ കൂടുതൽ ഉയർത്തുന്നതിന് വേണ്ടിയുള്ള ഇടപെടലുകൾ നടത്തുകയാണ്. ആവശ്യത്തിന് കോഴ്സ് ഇല്ലാത്തത് കാരണമാണ് കുട്ടികൾ പുറത്തുപോയി പഠിക്കുന്നത്. പുറത്ത് കുട്ടികൾ പഠിക്കാൻ പോകുന്ന അവസ്ഥ തിരിച്ചുവരേണ്ടതുണ്ട്. ഇവിടെ കൂടുതൽ കോഴ്സുകൾ ആരംഭിക്കണം. നമ്മുടെ കുട്ടികൾ ഇവിടെ പഠിക്കുക എന്നതിനൊപ്പം കേരളത്തിനും രാജ്യത്തിനും പുറത്തുള്ള കുട്ടികൾ ഇങ്ങോട്ടേക്ക് വരിക എന്നതും പ്രാധാനമാണെന്നും അതിനുള്ള നടപടികളാണ് ഇപ്പോൾ സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.