കൊച്ചി: ദുർമന്ത്രവാദത്തിന് എതിരെ നിയമം കൊണ്ടുവരുമെന്ന് സർക്കാർ ഹൈക്കോടതിയിൽ. ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. നിയമനിർമ്മാണം എന്തായി എന്നതിനെ സംബന്ധിച്ച് രണ്ടാഴ്ചക്കുള്ളിൽ റിപ്പോർട്ട് നൽകാൻ സ്റ്റേറ്റ് അറ്റോണിയോട് കോടതി നിർദ്ദേശിച്ചു.
ഇലന്തൂർ നരബലിയുടെ പശ്ചാത്തലത്തിലാണ് മന്ത്രവാദവും ആഭിചാരവും തടയാൻ നിയമ നിർമ്മാണം വേണമെന്ന പൊതുതാൽപ്പര്യ ഹർജിയുമായി യുക്തിവാദി സംഘം ഹൈക്കോടതിയെ സമീപിച്ചത്. നിയമനിർമ്മാണം നടത്താൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകണമെന്നാണ് ഹർജിയിലെ ആവശ്യം. മഹാരാഷ്ട്ര , കർണാടക സംസ്ഥാനങ്ങളിൽ ഇത്തരം നിയമം നടപ്പിലാക്കിയിട്ടുണ്ടെന്നും ഹർജിക്കാർ പറഞ്ഞു.
അനാചാരങ്ങൾ തടയാനായി ജസ്റ്റിസ് കെ.ടി തോമസ് അധ്യക്ഷനായ നിയമ പരിഷ്കാര കമ്മീഷൻ റിപ്പോർട്ടിലെ ശുപാർശകളിന്മേൽ തീരുമാനമെടുക്കാൻ സംസ്ഥാന സർക്കാരിനോട് നിർദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.