ബലാത്സംഗ കേസിൽ ഒളിൽപ്പോയ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയെ സംരക്ഷിക്കുന്ന സമീപനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എൽദോസ് കുന്നപ്പിള്ളി എവിടെയെന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്ന് വി ഡി സതീശൻ പറഞ്ഞു. ആരോപണത്തിൽ വിശദീകരണം നൽകാൻ സമയം അനുവദിച്ചിട്ടുണ്ട്. എൽദോസിനെതിരായ ആരോപണത്തിൽ പാർട്ടിക്ക് കൃത്യമായ നിലപാട് ഉണ്ട്. കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ നിലപാട് പറഞ്ഞിട്ടുണ്ടെന്നും വി ഡി സതീശൻ പറഞ്ഞു.
എൽദോസ് കുന്നപ്പിള്ളിയെ ഫോണിൽ ബന്ധപ്പെടാൻ കഴിയുന്നില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം വി ഡി സതീശനും കെപിസിസി പ്രസിഡന്റും പറഞ്ഞിരുന്നത്. അതിനിടെ സ്വന്തം പേരിൽ രജിസ്റ്റർ ചെയ്ത നമ്പർ ഉപയോഗിച്ച് എൽദോസ് കുന്നപ്പിള്ളി സാക്ഷിയെ ഭീഷണിപ്പെടുത്തിയിരുന്നു. പീഡന കേസിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയെ രക്ഷിച്ചെടുക്കാൻ ചരട് വലിച്ചത് കെപിസിസി പ്രസിഡന്റ് കെ സുധാകരനാണെന്നും വിവരമുണ്ട്.
കോൺഗ്രസ് പ്രവർത്തകനായ ഇടനിലക്കാരൻ മുഖേനയാണ് സുധാകരൻ കോൺഗ്രസ് എംഎൽഎക്ക് വേണ്ടി ചരടുവലിക്കുന്നത്. ഇടനിലക്കാരനായ കൊല്ലം ചകിരിക്കട സ്വദേശി സൂപ്പി അൻസാർ കഴിഞ്ഞദിവസം ഇന്ദിരാഭവനിലെത്തി സുധാകരനെ കണ്ടത് ഈ നീക്കത്തിൻ്റെ ഭാഗമാണ്. പരാതിക്കാരിക്ക് എൽദോസ് കുന്നപ്പിള്ളി 30 ലക്ഷം രൂപ വാഗ്ദാനം ചെയ്തത് വഞ്ചിയൂരിലെ അഭിഭാഷക ഓഫീസിൽ വെച്ചാണ്. ആ സമയം സൂപ്പി അൻസാറും എൽദോസ് കുന്നപ്പിള്ളിക്കൊപ്പമുണ്ടായിരുന്നു. പരാതിക്കാരിയോട് പണം സ്വീകരിച്ച് വെള്ളപേപ്പറിൽ ഒപ്പിട്ട് നൽകാൻ ആവശ്യപ്പെട്ടത് സൂപ്പി അൻസാറാണ്. ഇന്ദിരാഭവനിൽ അൻസാറുമായി ചർച്ച നടത്തിയശേഷമാണ് കെപിസിസി പ്രസിഡന്റ് കഴിഞ്ഞ ദിവസം മാധ്യമങ്ങളെ കണ്ടത്. എംഎൽഎ എവിടെയെന്ന് അറിയില്ലെന്നും വിശദീകരണം ആവശ്യപ്പെട്ടതായും എൽദോസിനെ സംരക്ഷിക്കില്ലെന്നും സുധാകരൻ വിവരിക്കുമ്പോൾ തൊട്ടുപിന്നിൽ അൻസാറുമുണ്ട്. ഇതിൻ്റെ ചാനൽ ദൃശ്യങ്ങളിൽനിന്ന് അൻസാറിനെ തിരിച്ചറിഞ്ഞ അധ്യാപിക കേസ് ഒത്തുതീർപ്പാക്കാൻ ഇയാൾ ഇടപെട്ട കാര്യം ജില്ലാ ക്രൈംബ്രാഞ്ച് മുമ്പാകെ മൊഴി നൽകിയിരുന്നു.
അതേസമയം എംഎൽഎക്കെതിരെ വധശ്രമത്തിനും കേസെടുത്തു. കോവളം സൂയിസൈഡ് പോയിന്റിൽ വച്ച് താഴേയ്ക്ക് തള്ളിയിട്ട് കൊലപ്പെടുത്താൻ എൽദോസ് കുന്നപ്പിള്ളി ശ്രമിച്ചെന്ന യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. അന്വേഷണ ഉദ്യോഗസ്ഥനും മജിസ്ട്രേറ്റിനും മുന്നിലാണ് പരാതിക്കാരി മൊഴി നൽകിയത്. പുതിയ വകുപ്പുകൾ ചേർത്തുള്ള റിപ്പോർട്ട് ജില്ലാ ക്രൈംബ്രാഞ്ച് കോടതിയിൽ നൽകി. ഇന്നലെ പരാതിക്കാരിയുടെ വീട്ടിൽ നിന്ന് എംഎൽഎയുടെ വസ്ത്രങ്ങൾ പോലീസ് കണ്ടെടുത്തിരുന്നു. എൽദോസ് ഉപയോഗിച്ച മദ്യക്കുപ്പികളും കണ്ടെത്തിയതായി അന്വേഷണസംഘം അറിയിച്ചു. ഒളിവിൽ കഴിയുന്ന എംഎൽഎയെ അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങളും അന്വേഷണസംഘം നടത്തുന്നുണ്ട്.
പുലര്‍ച്ചെ ന്യായീകരണ പോസ്റ്റിട്ട് മുങ്ങി; എല്‍ദോയെ ട്രോളി സോഷ്യല്‍മീഡിയ