ബലാത്സംഗ കേസ് പ്രതി എൽദോസ് കുന്നപ്പിള്ളി എംഎൽഎക്കെതിരെ വധശ്രമത്തിനും കേസെടുത്തു. പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. പുതിയ വകുപ്പുകൾ ചേർത്തുള്ള റിപ്പോർട്ട് ജില്ലാ ക്രൈംബ്രാഞ്ച് കോടതിയിൽ നൽകി. സെപ്റ്റംബർ പതിനാലിന് കോവളത്ത് വച്ചാണ് എംഎൽഎ യുവതിയെ വധിക്കാൻ ശ്രമിച്ചത്.
കോവളം സൂയിസൈഡ് പോയിന്റിൽ വച്ച് താഴേയ്ക്ക് തള്ളിയിട്ട് കൊലപ്പെടുത്താൻ എൽദോസ് കുന്നപ്പിള്ളി ശ്രമിച്ചെന്നാണ് യുവതി മൊഴി നൽകിയിരിക്കുന്നത്. കോവളം സൂയിസൈഡ് പോയിന്റിൽ എത്തിച്ച് തൻ്റെ പിന്നാലെ എംഎൽഎ വന്നു. അപായപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് തോന്നിയപ്പോൾ ഓടി രക്ഷപ്പെടുകയിരുന്നു. ഓടി രക്ഷപ്പെട്ട് ഒരു വീടിന് പിന്നിൽ ഒളിച്ചപ്പോൾ, എംഎൽഎയും സുഹൃത്തും അനുനയിപ്പിച്ച് റോഡിൽ എത്തിച്ചു. തുടർന്ന് എംഎൽഎ മർദ്ദിച്ചപ്പോൾ താൻ ബഹളമുണ്ടാക്കുകയും നാട്ടുകാർ ഓടി കൂടുകയും പോലീസ് എത്തുകയും ചെയ്തു. എന്നാൽ അവരുടെ മുന്നിൽവെച്ച് ഭാര്യയാണെന്ന് തെറ്റിദ്ധരിപ്പിച്ച് കാറിൽ കയറ്റി കൊണ്ടുപോവുകയായിരുന്നുവെന്നും പരാതിക്കാരി പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥനും മജിസ്ട്രേറ്റിനും മുന്നിലാണ് പരാതിക്കാരി മൊഴി നൽകിയത്.
അതേസമയം കഴിഞ്ഞ ദിവസം പരാതിക്കാരിയുടെ വീട്ടിൽ നിന്ന് എൽദോസ് കുന്നപ്പിള്ളിയുടെ വസ്ത്രവും മദ്യക്കുപ്പിയും അന്വേഷണ സംഘം കണ്ടെടുത്തിരുന്നു. പരാതിയെ തുടർന്ന് എംഎൽഎ ഒളിവിലാണ്. ഒളിവിലിരുന്ന് സാക്ഷിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
‘നോ പറഞ്ഞിട്ടും പല തവണ നിർബന്ധിച്ചു” ; കുന്നപ്പിള്ളിക്ക് കുരുക്ക് മുറുകുന്നു