തെക്കൻ കേരളീയരെ അധിക്ഷേപിച്ച കെപിസിസി പ്രസിഡന്റ് കെ സുധാകരൻ്റെ പ്രസ്താവനക്കെതിരെ മന്ത്രി പി എ മുഹമ്മദ് റിയാസ്. കേരളം ഉയർത്തുന്ന മത നിരപേക്ഷ ആശയത്തെ പൊളിക്കുകയെന്നത് സംഘപരിവാരിൻ്റെ ലക്ഷ്യമാണെന്നും സംഘപരിവാർ ആഗ്രഹിക്കുന്ന പ്രവർത്തനമാണ് കെപിസിസി പ്രസിഡൻറിൻ്റെ പ്രസ്താവനയിലൂടെ പുറത്ത് വന്നതെന്നും മന്ത്രി പറഞ്ഞു. കേരളത്തെ പൊളിക്കുക എന്നത് സംഘപരിവാറിൻ്റെ ദീർഘകാലത്തെ ആഗ്രഹമാണ്. കേരളത്തെ പൊളിക്കുകയെന്നാൽ കേരളത്തെ സർക്കാറിനെ പൊളിക്കുകയെന്നല്ല. കേരളം ഉയർത്തുന്ന മത നിരപേക്ഷ ആശയത്തെ പൊളിക്കുകയെന്നതാണ്. അതിന് വിഭജനത്തിൻ്റെ രാഷ്ട്രീയം എന്നും സംഘപരിവാർ ശ്രമിച്ചിരുന്നു. സംഘപരിവാർ ആഗ്രഹിക്കുന്ന പ്രവർത്തനമാണ് കെപിസിസി പ്രസിഡൻറിൻറെ പ്രസ്താവനയിലൂടെ വന്നിട്ടുള്ളത്. യഥാർഥത്തിൽ കേരളം മലയാളിയുടെ മാതൃഭൂമിയാണെന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കി.
മഹാനായ ഇഎംഎസ് വിശേഷിപ്പിച്ചത് പോലെ ഐക്യകേരളം രൂപപ്പെട്ടത് ഉജ്വലമായ വിഭജനത്തിനെതിരേയുള്ള പോരാട്ടത്തിലൂടെയാണ്. എത്ര എത്ര പോരാട്ടങ്ങൾ. ജാതികോമരങ്ങളുടെ പല നീചപ്രവർത്തികൾക്കെതിരേ, ജാതിയതക്കെതിരേ കേരളത്തിലെ ജനങ്ങൾ ഒന്നായി നിന്നു. ഹൈന്ദവനെയും ക്രെെസ്തവനെയും മുസൽമാനെയും ഭിന്നിപ്പിക്കാൻ കേരളത്തിൽ നടക്കുന്നില്ല. മറ്റുപല വിഭജനത്തിൻ്റെയും രാഷ്ട്രീയത്തിൻ്റെയും ശ്രമങ്ങൾ കേരളത്തിൽ നടത്തി അതും ഏശാതെപോയി. അങ്ങനെയുള്ളൊരു ഘട്ടത്തിൽ കേരളം ആകെ വിഭജന രാഷ്ട്രീയത്തെ എങ്ങനെ പ്രതിരോധിക്കാം എന്നുള്ളതിന് മാതൃകയായി നിലകൊള്ളുമ്പോഴാണ് പുതിയ വിഭജനത്തിൻ്റെ രാഷ്ട്രീയവും കൊണ്ട് കെപിസിസി പ്രസിഡൻറ് തന്നെ രംഗത്തെത്തിയത്.
അത് അദ്ദേഹത്തിന് പറ്റിയ അബദ്ധമായോ അല്ലെങ്കിൽ അദ്ദേഹം എന്തോതോന്നി പറഞ്ഞതോ ആയി കണക്കാക്കേണ്ടതില്ല. എങ്ങനെ ജനങ്ങളെ വിഭജിക്കാം, വിഭജനത്തിലൂടെ മാത്രമേ കേരളത്തിലേക്ക് പ്രവേശിക്കാനാവൂ എന്നുള്ള സംഘപരിവാറിനൻ്റെ ആശയത്തെയാണ് അദ്ദേഹം പിന്തുണച്ചിട്ടുള്ളത്. ജനങ്ങൾ തെക്കെന്നും വടക്കെന്നും പറഞ്ഞോ ജനങ്ങളെ മുസൽമാനെന്നും ഹൈന്ദവനെന്നും ക്രൈസ്തവനെന്നും പറഞ്ഞോ, ജാതിയുടെ പേരിലോ, അല്ലെങ്കിൽ മറ്റേത് വർണ്ണത്തിൻ്റെ നിറങ്ങളുടെ വംശീയതയുടെ പേരിലോ വിഭജിക്കാൻ ആകാത്ത കേരളത്തിലെ ജനങ്ങളെ വിഭജിക്കാനുള്ള വിത്തുപാകുന്ന പ്രസ്താവനയാണ് അദ്ദേഹത്തിൻ്റെ വായിൽ നിന്ന് പുറത്തേക്ക് വന്നിട്ടുള്ളത്.
യഥാർഥത്തിൽ സംഘപരിവാറിൻ്റെ രാഷ്ട്രീയം വളരെ ഭംഗിയായിട്ടാണ് കെപിസിസി പ്രസിഡൻറ് അദ്ദേഹത്തിൻ്റെ പ്രസ്താവനയിലൂടെ പ്രയോഗിച്ചിട്ടുള്ളത്. ഇന്ന് ഇന്ത്യയിൽ മതനിരപേക്ഷ ഐക്യം തകർക്കാനുള്ള ശ്രമങ്ങൾ നടത്തുന്നത് സംഘപരിവാറാണെങ്കിൽ കേരളത്തിൽ സംഘപരിവാറിനുവേണ്ടി അത് വളരെ ഭംഗിയായി നിർവഹിക്കാൻവേണ്ടി തയ്യാറാവുന്നു ഞാൻ എന്ന് സുധാകരൻ വീണ്ടും പ്രഖ്യാപിച്ചിരിക്കുകയാണ് എന്നും മന്ത്രി കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസമാണ് കെ സുധാകരൻ തെക്കൻ കേരളത്തിലെ ജനങ്ങളെ അധിക്ഷേപിക്കാൻ ശ്രീരാമൻ്റെ പേരിൽ ഇല്ലാക്കഥ മെനഞ്ഞ്. ന്യൂ ഇന്ത്യൻ എക്സ്പ്രസിനു നൽകിയ അഭിമുഖത്തിലാണ് “ചേട്ടനെ കൊന്ന് ചേട്ടത്തിയമ്മയെ സ്വന്തമാക്കാൻ മോഹിക്കുന്ന വിടന്മാരാണ് തെക്കൻ കേരളീയർ” എന്ന ആക്ഷേപം സുധാകരൻ ചൊരിഞ്ഞത്. തെക്കൻ കേരളത്തിലെയും മലബാറിലെയും രാഷ്ട്രീയക്കാർ എത്രത്തോളം വ്യത്യസ്തരാണ് എന്ന ചോദ്യത്തിനു മറുപടിയായിട്ടാണ് സുധാകരൻ്റെ അവഹേളന പരാമർശങ്ങൾ.