സംസ്ഥാന സർക്കാരിൻ്റെ ലഹരിവിരുദ്ധ ക്യാമ്പയിൻ്റെ ഭാഗമായി അതിഥി തൊഴിലാളികൾക്കിടയിൽ തൊഴിലും നൈപുണ്യവും വകുപ്പ് നടപ്പിലാക്കുന്ന കവച് ലഹരി വിരുദ്ധ പരിപാടികളുടെ സോഷ്യൽ മീഡിയ പ്രചാരണത്തിന് ഇന്ന് തുടക്കം. തൊഴിൽ മന്ത്രി വി ശിവന്‍കുട്ടിയാണ് സോഷ്യൽ മീഡിയ പ്രചാരണത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചത്. ലഹരി വിരുദ്ധ പോസ്റ്ററുകളുടെയും വിവിധ ഭാഷകളിലുള്ള ബ്രോഷറുകളുടെയും പ്രകാശനവും മന്ത്രി നിർവഹിച്ചു.
അസമീസ്, ബംഗാളി, ഹിന്ദി, ഒഡിയ ഭാഷകളിലുള്ള പ്രചാരണ സാമഗ്രികൾ തൊഴിൽ വകുപ്പ് സെക്രട്ടറി മിനി ആൻ്റണി ഏറ്റുവാങ്ങി. ഒക്ടോബർ 15 മുതൽ 22 വരെ നടക്കുന്ന കവച് ക്യാമ്പയിനിൽ ലഹരി വിരുദ്ധ ബോധവൽക്കരണ വിളംബര ജാഥകൾ, ബോധവൽക്കരണ-മെഡിക്കൽ ക്യാമ്പുകൾ, അതിഥി തൊഴിലാളികളുടെ കലാപരിപാടികൾ തുടങ്ങി വിപുലമായ പരിപാടികളാണ് സംഘടിപ്പിക്കുക.