പീഡന കേസിൽ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഒക്ടോബർ ഇരുപതിന് വിധി പറയും. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചത്. മുൻകൂർ ജാമ്യാപേക്ഷയിൽ വാദം പൂത്തിയായി. ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തു. കേസിൽ എൽദോസിനെ കൂടാതെ സ്വാധീനമുള്ള വേറെയും പ്രതികൾ ഉണ്ടെന്ന് പ്രോസിക്യൂഷൻ പറഞ്ഞു.
അതേസമയം കേസിൽ എംഎൽഎക്കെതിരെ ഇന്ന് കൂടുതൽ തെളിവുകൾ പുറത്തു വന്നിരുന്നു. സെപ്റ്റംബർ 14ന് എൽദോസ് കുന്നപ്പിള്ളി മർദ്ദിച്ചതിനെ തുടർന്ന് സെപ്തംബർ 15ന് പുലർച്ചെ 3:20ന് യുവതി ജനറൽ ആശുപത്രിയിൽ എത്തി ചികിത്സ തേടിയതിൻ്റെ ഒപി ടിക്കറ്റാണ് പുറത്തായത്.
ക്രൂരമായി മർദ്ദിച്ച എൽദോസ് തന്നെ ആശുപത്രിയിൽ എത്തിച്ചെന്നായിരുന്നു യുവതിയുടെ മൊഴി. എൽദോസിൻ്റെ ചവിട്ടേറ്റ് പിഎ ഡാമി പോളും ചികിത്സ തേടിയതായും തെളിവ് പുറത്തായി. കഴിഞ്ഞ ഏഴ് ദിവസമായി എംഎൽഎ ഒളുവിലാണ്. ഒളിവിലായ എംഎൽഎ കഴിഞ്ഞ ദിവസം സാക്ഷിയെ ഭീഷണിപ്പെടുത്തിയതിൻ്റെ തെളിവുകളും പുറത്തു വന്നിരുന്നു. വാട്സാപ്പിലൂടെയാണ് എൽദോസ് കുന്നപ്പിള്ളി സാക്ഷിയെ ഭീഷണിപ്പെടുത്തിയത്.