രാജ്യത്തിൻ്റെ ഐക്യത്തെ തന്നെ ദുർബലപ്പെടുത്തുന്നതിന് ഇടയാക്കുന്ന ഹിന്ദി അടിച്ചേൽപ്പിക്കുന്ന നീക്കത്തിൽ നിന്ന് കേന്ദ്ര സർക്കാർ അടിയന്തിരമായി പിന്മാറേണ്ടതുണ്ട്. സംഘപരിവാറിൻ്റെ ഹിന്ദി, ഹിന്ദു, ഹിന്ദുസ്ഥാൻ എന്ന ആശയം നടപ്പിലാക്കാനുള്ള പരിശ്രമം രാജ്യത്തെ ഭാഷാ യുദ്ധത്തിലേക്ക് നയിക്കുന്ന സാഹചര്യമാണ് സൃഷ്ടിക്കുക. കേന്ദ്ര സർക്കാരിൽ തൊഴിൽ നേടുന്നതിനും, വിദ്യാഭ്യാസം നേടുന്നതിനും ഹിന്ദി പ്രാവിണ്യം നിർബന്ധിതമാക്കുന്നത് യുവജനങ്ങൾക്കിടയിൽ കനത്ത ആശങ്ക രൂപപ്പെടുന്നതാണ്. രാജ്യത്തിൻ്റെ വൈവിധ്യങ്ങളെ ഉൾക്കൊണ്ടുകൊണ്ടുള്ള നയം സ്വീകരിച്ചില്ലെങ്കിൽ ദേശീയ ഐക്യത്തെ തന്നെ ബാധിക്കുമെന്ന അനുഭവം നമ്മുടെ അയൽ രാജ്യങ്ങളായ ശ്രീലങ്കയും, ബംഗ്ലാദേശും കാണിച്ചു തന്നിട്ടുണ്ട്. അതുകൊണ്ട് തെറ്റായ ഭാഷാ നയത്തിൽ നിന്ന് കേന്ദ്ര സർക്കാർ അടിയന്തിരമായി പിന്മാറേണ്ടതുണ്ട്.
സംസ്ഥാനത്തെ ഏറ്റവും പാവപ്പെട്ട ജനങ്ങളെ കൂടുതൽ ദുരിതത്തിലേക്ക് നയിക്കുന്ന നടപടിയാണ് തൊഴിലുറപ്പ് രംഗത്ത് കേന്ദ്ര സർക്കാർ നടപ്പിലാക്കുന്നത്. ഇടതുപക്ഷത്തിൻ്റെ ശക്തമായ സമ്മർദ്ദത്തിൻ്റെ ഫലമായി ഒന്നാം യു.പി.എ സർക്കാരിൻ്റെ കാലത്ത് കൊണ്ടുവന്ന പരിഷ്ക്കാരമാണ് ഇപ്പോൾ ഇല്ലാതാക്കുന്നതിന് കേന്ദ്ര സർക്കാർ പരിശ്രമിക്കുന്നത്. ഇതിനെതിരായി സംസ്ഥാനത്ത് ഉയർന്നുവരുന്ന പ്രക്ഷോഭങ്ങൾക്ക് എല്ലാവിധ പിന്തുണയും നാടിനെ സ്നേഹിക്കുന്നവർ നൽകേണ്ടതുണ്ട് ആഗോളവൽക്കരണനയങ്ങളുടെ ഫലമായി ദുരിതത്തിലായ ജനങ്ങൾക്കുള്ള ചെറിയ ആശ്വാസങ്ങൾ പോലും ഇല്ലാതാക്കാനുള്ള നടപടിയാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്.
സംസ്ഥാന സർക്കാരിനെ അസ്ഥിരപ്പെടുത്താൻ യു.ഡി.എഫും, ബി.ജെ.പിയും നടത്തുന്ന ഇടപെടലിൻ്റെ കൂടി ഭാഗമാണ് ഇ.ഡി കേരളത്തിൽ കേസന്വേഷണമെന്ന പേരിൽ ഇടതുപക്ഷ സർക്കാരിനെ വേട്ടയാടാൻ ഇറങ്ങിയിരിക്കുന്നത്. ഇത്തരം നീക്കത്തിന് കടുത്ത തിരിച്ചടിയാണ് തോമസ് ഐസകിനെതിരായുള്ള സമൻസ് സ്റ്റേ ചെയ്ത കേടതിയുടെ നിലപാട്. കേന്ദ്ര സർക്കാരിൻ്റെ രാഷ്ട്രീയ നാടകങ്ങൾക്ക് നേരെയുള്ള കനത്ത തിരിച്ചടിയാണ് ഈ നടപടി.
കേരളത്തിൻ്റെ മനസ്സാക്ഷിയെ ഞെട്ടിച്ച ആഭിചാരക്കൊല നമ്മുടെ സമൂഹത്തിൽ നവോത്ഥാന ചിന്തകൾ ശക്തമായി പ്രചരിപ്പിക്കേണ്ടതിൻ്റെ ആവശ്യകതയിലേക്കാണ് വിരൽ ചൂണ്ടുന്നത്. അന്ധവിശ്വാസങ്ങൾക്കും, അനാചാരങ്ങൾക്കുമെതിരായി ശക്തമായ ബോധവൽക്കരണം ഉയർന്നുവരേണ്ടതുണ്ട്. അന്ധവിശ്വാസം പ്രചരിപ്പിച്ച് സാമ്പത്തികമായും, രാഷ്ട്രീയമായും നേട്ടമുണ്ടാക്കാൻ പരിശ്രമിക്കുന്ന ശക്തികളെ തുറന്നുകാട്ടേണ്ടതുണ്ട്.
മന്ത്രിമാരുടെ വിദേശ യാത്രയുമായി ബന്ധപ്പെട്ട് ഇല്ലാക്കഥകൾ പ്രചരിപ്പിക്കാനാണ് പല മാധ്യമങ്ങളും പ്രതിപക്ഷവും ശ്രമിക്കുന്നത്. കേരളത്തിൻ്റെ സമഗ്രമായ വികസനത്തിന് വിവിധ രാജ്യങ്ങളുമായുള്ള ആശയ വിനിമയവും, മൂലധന നിക്ഷേപ സാധ്യതകളും അന്വേഷിക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ പലവിധത്തിലുള്ള പുരോഗതി നേടാനായതിൻ്റെ വാർത്തകളും പുറത്തുവന്നിട്ടുണ്ട്. എന്നിട്ടും അവ ജനങ്ങളിലെത്തിക്കുന്നതിന് പകരം ഇല്ലാക്കഥകൾ പ്രചരിപ്പിക്കാനുള്ള ശ്രമങ്ങൾ തുറന്നുകാട്ടേണ്ടതുണ്ട്.
കേരളത്തിലെ ഒരു കോൺഗ്രസ്സ് എം.എൽ.എ അധ്യാപികയെ പീഢിപ്പിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം ജില്ലാ ക്രൈംബ്രാഞ്ച് 376 (2) എന്ന വകുപ്പ് പ്രകാരം ബലാൽസംഘ കുറ്റം ചുമത്തിയിരിക്കുകയാണ്. ഇത് അത്യന്തം ഗൗരവമായ ഒരു പ്രശ്നമാണ്. ഇക്കാര്യത്തിൽ ശരിയായ നിയമ നടപടികൾ സ്വീകരിച്ചുകൊണ്ട് പരാതിക്കാരിക്ക് നീതി ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. എം.എൽ.എ സ്ഥാനത്ത് ഇരിക്കുന്നയാൾ ഇത്തരം പരാതിക്ക് വിധേയമായാൽ അവരെ ആ സ്ഥാനത്ത് ഇരുത്തണമോ എന്ന കാര്യം കോൺഗ്രസ്സിൻ്റെ ധാർമ്മികതയുമായി ബന്ധപ്പെട്ട പ്രശ്നമാണ്. ഇത്തരത്തിലുള്ള വ്യക്തികൾ അധികാരസ്ഥാനത്ത് തുടരുന്നത് തെറ്റായ സന്ദേശം സമൂഹത്തിന് നൽകുന്നതാണെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.