രണ്ടാം പിണറായി വിജയൻ സർക്കാർ ആരംഭിച്ച സംരംഭക വർഷം പദ്ധതിയിലൂടെ സംസ്ഥാനത്ത് ആറ് മാസം കൊണ്ട് സാധ്യമായത് 4256 കോടി രൂപയുടെ നിക്ഷേപം. ഇതുവരെ ഒന്നര ലക്ഷത്തോളം പേർക്ക് തൊഴിൽ നൽകിയ പദ്ധതിയിലൂടെ 180 ദിവസങ്ങൾക്കുള്ളിൽ 68000 സംരംഭങ്ങളാണ് ആരംഭിച്ചത്.
രണ്ടാം പിണറായി വിജയൻ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ആരംഭിച്ച സംരംഭക വർഷം പദ്ധതി പ്രതീക്ഷിച്ചതിലും മികച്ച നേട്ടം കൈവരിച്ചുകൊണ്ട് മുന്നോട്ടുപോവുകയാണെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവും പ്രതികരിച്ചു. ആറ് മാസം കൊണ്ട് 4256 കോടി രൂപയുടെ നിക്ഷേപം കേരളത്തിൽ ഉണ്ടായതിനൊപ്പം ഒന്നര ലക്ഷത്തോളം പേർക്ക് തൊഴിൽ നൽകാനും പദ്ധതിയിലൂടെ സാധിച്ചെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
ഇതിനോടകം 180 ദിവസങ്ങൾക്കുള്ളിൽ 68000 സംരംഭങ്ങൾ ആരംഭിച്ചത് സംസ്ഥാന ചരിത്രത്തിലെ സർവ്വകാല റെക്കോഡാണ്. നാല് ശതമാനം പലിശ നിരക്കിൽ 10 ലക്ഷം രൂപ വരെ വായ്പ ലഭ്യമാക്കിയും സംരംഭങ്ങളാരംഭിക്കാൻ ആഗ്രഹിക്കുന്നവർക്കായി എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഹെൽപ് ഡെസ്ക് സൗകര്യമൊരുക്കിയും എൽഡിഎഫ് സർക്കാർ പിന്തുണ നൽകുന്നുണ്ട്. ഇതിനൊപ്പം പദ്ധതിയുടെ വിജയത്തിനായി എല്ലാ തദ്ദേശസ്ഥാപനങ്ങളിലുമായി 1153 ഇന്റേണുകളെയും നിയോഗിച്ചിട്ടുണ്ട് എന്നും മന്ത്രി കുറിച്ചു.