ഫണ്ട് നൽകിയില്ലെന്ന് ആരോപിച്ച് കോഴിക്കോട് ജില്ലയിലെ 16 കോൺഗ്രസ് മണ്ഡലം കമ്മിറ്റികൾ പിരിച്ചു വിട്ടേക്കും. ഭാരത് ജോഡോ യാത്രയുടെ ഫണ്ട് ശേഖരണത്തിൽ വീഴ്ച വരുത്തിയെന്ന് ആരോപിച്ചാണ് മണ്ഡലം കമ്മറ്റികൾക്ക് ജില്ലാ നേതൃത്വം താക്കീത് നൽകിയത്. ഒക്ടോബർ പതിനെട്ടിനകം മുഴുവൻ തുകയും അടയ്ക്കണമെന്നും അല്ലാത്ത പക്ഷം കമ്മറ്റികൾ പിരിച്ചു വിടുമെന്നുമാണ് ഡിസിസി പ്രസിഡന്റിന്റെ താക്കീത്.
ഒക്ടോബർ രണ്ടായിരുന്നു ഫണ്ട് ജില്ലാ കമ്മറ്റിയിൽ അടക്കാനുള്ള അവസാന തീയതി. പിന്നീടത് ഏഴാക്കി. എന്നാൽ ഏഴാം തീയതിയും പതിനേഴ് മണ്ഡലം കമ്മറ്റികൾ ഫണ്ട് അടയ്ക്കാത്തതോടെ പതിനെട്ടിലേക്ക് നീട്ടുകയായിരുന്നു.
അതേസമയം ജോഡോ യാത്രയുടെ മറവിൽ പലയിടങ്ങളിലും കോൺഗ്രസ് നേതാക്കൾ വ്യാപകമായി ഫണ്ട് പിരിവിൽ ക്രമക്കേട് നടത്തിയിരുന്നു. കാസർഗോഡ് ഡിസിസി പ്രസിഡന്റിൻ്റെ നാടായ പടന്നയിലുൾപ്പെടെ, ഡിസിസി സെക്രട്ടറിയുടെ നേതൃത്വത്തിൽ ഐഎൻടിയുസിയുടെ രസീത് നൽകി ലക്ഷങ്ങൾ പിരിച്ചെടുത്തത് നേരത്തെ വിവാദമായിരുന്നു. രസീത് നൽകാതെ പലരിൽ നിന്നായി വാങ്ങിയത് 1000 മുതൽ പതിനായിരം രൂപവരെയാണ്. ഭാരത് ജോഡോ യാത്രയ്ക്ക് പണം പിരിക്കുന്നതിനുള്ള നേതാക്കളുടെ ചിത്രമുള്ള കൂപ്പൺ കീഴ്‌ഘടകങ്ങൾക്ക് വിതരണം ചെയ്തിട്ടുണ്ട്. എന്നാൽ ഇത് ഉപയോഗിക്കാതെയാണ് ഓട്ടോ–ടാക്സി ഡ്രൈവേഴ്‌സ് യൂണിയ(ഐഎൻടിയുസി)ൻ്റെ രസീത് ഉപയോഗിച്ച് സംഭാവന പിരിച്ചത്. സംഭവത്തിൽ ഡിസിസി സെക്രട്ടറിക്കെതിരെ പ്രവർത്തകർ നേതൃത്വത്തിന് പരാതി നൽകിയിരുന്നു.