സിവിക് ചന്ദ്രനെതിരായ ലൈംഗിക പീഡനക്കേസിൽ കീഴ്ക്കോടതി ഉത്തരവിലെ വിവാദ പരാമർശങ്ങൾ ഹൈക്കോടതി നീക്കി. പരാതിക്കാരി പ്രകോപനപരമായ വസ്ത്രം ധരിച്ചെന്ന കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയുടെ പരാമർശമാണ് ഹൈക്കോടതി ഒഴിവാക്കിയത്. വസ്ത്രവുമായി ബന്ധപ്പെട്ട് കീഴ്ക്കോടതി നടത്തിയത് അനാവശ്യ പരാമർശമാണെന്നും ഹൈക്കോടതി പറഞ്ഞു. കീഴ്ക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാരും ഇരയും നൽകിയ അപ്പീലിലാണ് നടപടി. അതേസമയം സിവിക് ചന്ദ്രന് ജാമ്യം നൽകിയ ഉത്തരവ് ഹൈക്കോടതി ശരിവെച്ചു. പ്രായം കണക്കിലെടുത്ത് സിവിക് ചന്ദ്രന് മുൻകൂർ ജാമ്യത്തിൽ തുടരാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
പരാതിക്കാരി പ്രകോപനപരമായ വസ്ത്രം ധരിച്ചിരുന്നെന്ന കോടതിയുടെ വിവാദ നിരീക്ഷണമടക്കം വിധി റദ്ദാക്കണമെന്നായിരുന്നു സംസ്ഥാന സർക്കാരിൻ്റെ ഹർജിയിലെ ആവശ്യം. ഈ സാഹചര്യത്തിലാണ് വിവാദ പരാമർശങ്ങൾ ഹൈക്കോടതി നീക്കിയത്. പീഡന കേസുകളിൽ ജാമ്യം അനുവദിക്കുമ്പോൾ ഇരയുടെ വസ്ത്രം, സ്വഭാവം, സദാചാരം തുടങ്ങിയ കാര്യങ്ങൾ പരിഗണിക്കുന്നത് സുപ്രിംകോടതി വിധി പ്രകാരം തെറ്റാണെന്ന് ഹരജിക്കാരി വാദിച്ചു.
2020 ഫെബ്രുവരി 8ന് കൊയിലാണ്ടിയിൽ നടന്ന ക്യാമ്പിന് ശേഷം കടൽത്തീരത്ത് വിശ്രമിക്കുമ്പോൾ സിവിക് ചന്ദ്രൻ തന്നെ കടന്നുപിടിച്ചുവെന്നാണ് പരാതി. യുവ എഴുത്തുകാരിയുടെ പരാതിയിൽ സിവിക് ചന്ദ്രനെതിരെ കൊയിലാണ്ടി പോലീസ് കേസെടുത്തെങ്കിലും കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. പ്രതി ഹാജരാക്കിയ ഫോട്ടോ പരിശോധിച്ച ശേഷം പരാതിക്കാരി പ്രകോപനപരമായ വസ്ത്രം ധരിച്ചതിനാൽ 354 എ വകുപ്പ് നിലനിൽക്കില്ലെന്നായിരുന്നു കോഴിക്കോട് സെഷൻസ് കോടതിയുടെ കണ്ടെത്തൽ. പരാമർശം വിവാദമായതോടെ കോഴിക്കോട് ജില്ലാ സെഷൻസ് ജഡ്ജി എസ് കൃഷ്ണകുമാറിനെ നേരത്തെ സ്ഥലം മാറ്റിയിരുന്നു.