സംരക്ഷിത വനമേഖലകൾക്ക് ഒരു കിലോമീറ്റർ ചുറ്റളവിൽ ബഫർ സോൺ നടപ്പാക്കണമെന്ന സുപ്രീം കോടതി വിധിയിന്മേലുള്ള കേരളത്തിൻ്റെ പുനഃ പരിശോധനാ ഹർജി നാളെ പരിഗണിക്കും. ഹർജി ഫയൽ ചെയ്തിട്ടും ഇത് പരിഗണിക്കാത്ത സാഹചര്യത്തിൽ അഭിഭാഷകൻ ജയ്ദീപ് ഗുപ്ത പുന:പരിശോധനാ ഹർജി സംബന്ധിച്ച് സുപ്രീം കോടതി ബെഞ്ചിന് മുന്നിൽ പരാമർശിക്കുകയായിരുന്നു. ഹർജി അടിയന്തരമായി കേൾക്കണമെന്നും ബഫർ സോൺ വിധി, സംസ്ഥാനത്തെ ജനങ്ങളിൽ അരക്ഷിതാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണെന്നും ജയ്ദീപ് ഗുപ്ത കോടതിയെ ധരിപ്പിച്ചു. ഇതോടെയാണ് കോടതി, സംസ്ഥാനത്തിന്‍റെയും കേന്ദ്രത്തിന്‍റെയും അടക്കം ഇത് സംബന്ധിച്ച ഹർജികൾ നാളെ തന്നെ പരിഗണിക്കാൻ തീരുമാനിച്ചത്.
സംരക്ഷിത വനമേഖലക്ക് ചുറ്റും ഒരു കിലോമീറ്റർ ചുറ്റളവിൽ ജനങ്ങളെ ഒഴിപ്പിച്ചുകൊണ്ട് ബഫർസോൺ നടപ്പാക്കുന്നതും പിന്നീട് ജനങ്ങളെ പുനരധിവസിപ്പിക്കുന്നതും സംസ്ഥാനത്തെ വലിയ പ്രതിസന്ധിയിലേക്ക് എത്തിക്കുമെന്ന് പുനഃപരിശോധന അപേക്ഷയിൽ കേരളം വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്തിന്‍റെ സ്റ്റാൻഡിംഗ് കൗൺസിൽ നിഷേ ശങ്കർ രാജൻ മുഖേനയാണ് കേരളം ഹർജി ഫയൽ ചെയ്തത്. ഹർജിയുമായി ബന്ധപ്പട്ട് വനം മന്ത്രിയും എജിയും നേരത്തെ ദില്ലിയിൽ എത്തി കൂടിയാലോചനകള്‍ നടത്തിയിരുന്നു.