പത്തനംതിട്ട: പത്തനംതിട്ട മലയാലപ്പുഴയിൽ ദുർമന്ത്രവാദം നടത്തിയിരുന്ന സ്ത്രീയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശോഭന എന്ന സ്ത്രീയാണ് പിടിയിലായത്. ഇവിടേക്ക് ഡിവൈഎഫ്ഐ ഉൾപ്പെടെ നിരവധി സംഘടനകൾ പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. മലയാലപ്പുഴ പുതിയപ്പാട് ഉള്ള വാസന്തി മഠം എന്ന സ്ഥലത്താണ് മന്ത്രവാദം നടന്നിരുന്നത്. ഈ കേന്ദ്രത്തെക്കുറിച്ച് മുൻപും നിരവധി പരാതികൾ കിട്ടിയിരുന്നു. നാട്ടുകാരും എതിർത്തിരുന്നു. കുട്ടികളെ അടക്കം മന്ത്രവാദത്തിനു ഉപയോഗിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ ആണ് പ്രതിഷേധം ഉയർന്നത്.
മന്ത്രവാദചികിത്സ നടത്തുന്നതിനിടെ ഒരു കുട്ടി കുഴഞ്ഞുവീണതിൻ്റെ ദൃശ്യം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഈ ദൃശ്യങ്ങൾ ‘വാസന്തിയമ്മമഠം’ പൂജാ കേന്ദ്രത്തിലേതാണെന്നാണ് പ്രതിഷേധക്കാർ പറയുന്നത്. ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വെെറലായതിനെ പിന്നാലെയാണ് പ്രതിഷേധവുമായി സംഘടനകൾ എത്തിയത്.
വീടിനോട് ചേർന്ന് പ്രത്യേകം നിർമ്മിച്ച പ്രാർത്ഥനാ കേന്ദ്രത്തിലാണ് മന്ത്രവാദ ചികിത്സാ നടത്തുന്നതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. വീടിൻ്റെ ഓടുകളും മറ്റ് ചില ഭാഗങ്ങളും വിളക്കുകളും പ്രതിഷേധക്കാർ തകർത്തു. വീടിനു മുൻവശത്തിരുന്ന ഇരുചക്ര വാഹനവും തകർത്തു. പിന്നീട് പൊലീസെത്തിയാണ് ശോഭനയേയും ഭർത്താവിനേയും കസ്റ്റഡിയിലെടുത്തത്.
ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം മന്ത്രവാദത്തെ പറ്റി അന്വേഷിക്കും. മന്ത്രവാദത്തിനിടെ കുട്ടി ബോധരഹിതനായി വീഴുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇവരെ എതിർക്കുന്ന നാട്ടുകാരെയൊക്കെ ഭീഷണിപ്പെടുത്തുകയും വീടിനുമുൻപിൽ പൂവ് ഇടുകയും ചെയ്യുകയാണ്.
കൂടാതെ നാല്പത്തിയൊന്നാം ദിവസം മരിച്ചുപോകുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും നാട്ടുകാർ പറഞ്ഞു. മാത്രമല്ല നാട്ടുകാരെ ഭീഷണിപ്പെടുത്താൻ ഗുണ്ടകളെ ഉപയോഗിക്കുകായും ചെയ്യുന്നു. സംഭവത്തിൽ പൊലീസിൽ പരാതി നൽകിയിട്ടും അന്വേഷണത്തിന് വരുമ്പോൾ ഉദ്യോഗസ്ഥരെ അസഭ്യം പറയുകയാണെന്ന് നാട്ടുകാർ പറഞ്ഞു.