ബിജെപിയും കോൺഗ്രസും കൈകോർത്തതോടെ ഇടുക്കി വണ്ടൻമേട് പഞ്ചായത്ത് ഭരണം എൽഡിഎഫിന് നഷ്ടമായി. സ്വതന്ത്ര അംഗമായ സുരേഷ് മാനങ്കേരിയിൽ അവതരിപ്പിച്ച അവിശ്വാസ പ്രമേയം കോൺഗ്രസും ബിജെപിയും പിന്തുണച്ചതോടെയാണ് എൽഡിഎഫിന് ഭരണം നഷ്ടമായത്. നേരത്തേയും സ്വതന്ത്ര അംഗമായ സുരേഷ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചിരുന്നു. അന്നും കോൺഗ്രസും ബിജെപിയും ഒരുമിച്ചിരുന്നെങ്കിലും വിജയം എൽഡിഎഫിനൊപ്പമായിരുന്നു.
പാർട്ടിയിലെ തർക്കങ്ങളെ തുടർന്ന് സുരേഷ് സ്വതന്ത്രനായി മത്സരിക്കുകയായിരുന്നു. സ്വതന്ത്രനായി വിജയിച്ച ശേഷം വീണ്ടും കോൺഗ്രസ് പാളയത്തിലേക്കെത്തിയ സുരേഷ് മാനങ്കേരിയുടെ നേതൃത്വത്തിൽ കോൺഗ്രസിൻ്റെ ആറും ബിജെപിയുടെ മൂന്നും അഗങ്ങൾ ഉൾപ്പെടെ 10 പേർ ഒപ്പുവെച്ച അവിശ്വാസ പ്രമേയം കഴിഞ്ഞ 26നാണ് കട്ടപ്പന ബിഡിഒ മുമ്പാകെ നൽകിയിയത്. വ്യാഴാഴ്ച ചർച്ചക്കെടുത്ത ഘട്ടത്തിൽ പ്രമേയത്തിന് യുഡിഎഫും ബിജെപിയും നിരുപാധിക പിന്തുണയാണ് നൽകിയത്. രാവിലെ 11 മണിക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന അവിശ്വാസ പ്രമേയ ചർച്ചയിൽ 18 മെമ്പർമാരും പങ്കെടുത്തു.
നേരത്തെ സിപിഐഎം അംഗം സിബി എബ്രഹാമായിരുന്നു വണ്ടൻമേട് പഞ്ചായത്ത് പ്രസിഡന്റ്. അവിശ്വാസ പ്രമേയം പാസായതോടെ സിബി എബ്രഹാം പുറത്താക്കപ്പെടുകയും പ്രസിഡന്റിന്റെ താൽക്കാലിക ചുമതല എൽഡിഎഫിലെ തന്നെ വൈസ് പ്രസിഡന്റ് ഫിലോമിന രാജുവിന് കൈമാറുകയുമായിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഉത്തരവ് വരുന്നതനുസരിച്ച് പുതിയ പ്രസിഡന്റിനെ പ്രത്യേക യോഗം ചേർന്ന് വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കും.