യുവതിയെ തട്ടിക്കൊണ്ടുപോയി ദേഹോപദ്രവമേൽപ്പിച്ചെന്ന കേസിൽ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ. തിരുവനന്തപുരം സെഷൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്. ചൊവ്വാഴ്ച കോവളം പോലീസ് കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്.
സാമൂഹ മാധ്യമം കൈകാര്യം ചെയ്യാമെന്ന് പറഞ്ഞ് തന്നെ സമീപിച്ച യുവതി മൊബൈൽ ഫോണടക്കം തട്ടിയെടുത്തെന്ന് എൽദോസ് ആരോപിക്കുന്നു. എംഎൽഎക്കെതിരെ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയത്. ഇന്നലെ പരാതിക്കാരിയുടെ മൊഴിയെടുക്കൽ പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല. തുടരന്വേഷണം നടത്തുന്ന ജില്ലാ ക്രൈം ബ്രാഞ്ച് വീണ്ടും മൊഴിയെടുക്കും.
യുവതി കോടതിയിൽ നൽകിയ മൊഴിപ്പകർപ്പിന് വേണ്ടി വഞ്ചിയൂർ പൊലീസ് അപേക്ഷ നൽകിയിട്ടുണ്ട്. വിവിധ ഇടങ്ങളിൽ കൊണ്ടുപോയി തന്നെ പീഡിപ്പിച്ചെന്ന ആരോപണം കൂടി അന്വേഷണത്തിൻ്റെ പരിധിയിൽ വരും.
അതേസമയം എംഎൽഎക്കെതിരെ കൂടുതൽ ആരോപണങ്ങളാണ് പരാതിക്കാരി ഇന്ന് വാർത്താസമ്മേളനത്തിൽ ഉന്നയിച്ചത്. പീഡന പരാതി സത്യസന്ധമാണ്. നോ പറഞ്ഞിട്ടും എംഎൽഎ തന്നെ പല തവണ നിർബന്ധിച്ചു. എംഎൽഎ മോശം പെരുമാറ്റം തുടങ്ങിയതോടെ ബന്ധത്തിൽ നിന്ന് അകലാൻ ശ്രമിച്ചു. ഇതോടെ നിരന്തര മദ്യപാനിയായ എൽദോസ് മദ്യപിച്ച് വീട്ടിലെത്തി ഉപദ്രവം തുടങ്ങി. മദ്യപിച്ചാൽ എൽദോസ് ആക്രമകാരിയാണ്. തന്നെ മർദ്ദിക്കുമ്പോൾ എംഎൽഎയുടെ പി എ ഡാമി പോൾ, സുഹൃത്തായ ജിഷ്ണു എന്നിവർ ഒപ്പമുണ്ടായിരുന്നു. കുന്നപ്പിള്ളിക്കായി വനിതാ കോൺഗ്രസ് നേതാവ് തന്നെ ഭീഷണിപ്പെടുത്തി. കോൺഗ്രസിൽ വിശ്വസിമില്ലെന്നും വാർത്താ സമ്മേളനത്തിൽ പരാതിക്കാരി പറഞ്ഞു.
‘നോ പറഞ്ഞിട്ടും പല തവണ നിർബന്ധിച്ചു” ; കുന്നപ്പിള്ളിക്ക് കുരുക്ക് മുറുകുന്നു