ഇലന്തൂരിൽ നടത്തിയ നരബലിയുടെ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. സ്വത്ത് സമ്പാദിക്കാനും ഐശ്വര്യം ലഭിക്കാനും വേണ്ടി രണ്ട് സ്ത്രീകളെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ മുഹമ്മദ് ഷാഫി, ഭഗവൽ സിങ്, ഭാര്യ ലൈല എന്നിവരെയാണ് 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തത്. പ്രതികളെ കാക്കനാട് ജില്ലാ ജയിലിലേക്കു മാറ്റും. കസ്റ്റഡി അപേക്ഷ പൊലീസ് ഇന്നു തന്നെ നൽകും.
കടവന്ത്രയിൽ ലോട്ടറി വിൽപ്പന നടത്തിയിരുന്ന തമിഴ്നാട് സ്വദേശി പത്മം (56), കാലടിയിൽ വാടകയ്ക്ക് താമസിച്ചിരുന്ന തൃശൂർ സ്വദേശി റോസിലി (49) എന്നിവരെയാണ് ദാരുണമായി കൊലപ്പെടുത്തിയത്. നഗരത്തിൽ ലോട്ടറി വിറ്റിരുന്ന സ്ത്രീകൾ നൽകിയ വിവരമനുസരിച്ചാണ് ഷാഫിയെ തിരിച്ചറിഞ്ഞത്. ഇതിൻ്റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. തുടർന്ന് അന്വേഷണം ഭഗവൽസിങ്ങിലേക്കും ഭാര്യ ലൈലയിലേക്കും എത്തിയതോടെ കാലടിയിൽനിന്ന് നേരത്തേ കാണാതായ റോസിലിയുടെ കൊലപാതകവിവരവും പുറത്തുവന്നു. കഴിഞ്ഞ ജൂൺ എട്ടിനാണ് റോസിലിയെ കാണാതായത്.