പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്കെതിരായ ശാരീരിക പീഡന പരാതിയിൽ, മൊഴി നൽകാനെത്തിയ പരാതിക്കാരി കുഴഞ്ഞു വീണു. മൊഴി നൽകുന്നതിനിടെയാണ് കുഴഞ്ഞു വീണത്. യുവതിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോവളം പോലീസ് സ്റ്റേഷനിലാണ് യുവതി മൊഴി നൽകാൻ എത്തിയത്. രാവിലെ 11.30ഓടെയാണ് യുവതി സ്റ്റേഷനിൽ എത്തിയത്.
യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ എംഎൽഎക്കെതിരെ കേസെടുക്കാനാണ് സാധ്യത. സെപ്റ്റംബർ 14ന് കോവളം യാത്രയ്ക്കിടെ എം എൽ എ തന്നെ മർദിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. ഗസ്റ്റ് ഹൗസിൽ റൂം എടുത്ത് താമസിക്കാൻ വിസമ്മതിച്ചിനെ തുടർന്ന് എം എൽ എ യുടെ വാഹനത്തിൽ വച്ച് തന്നെ മർദിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി. തിങ്കളാഴ്ച രാത്രി ഇതുസംബന്ധിച്ച് പരാതിക്കാരി മജിസ്ട്രേറ്റിന് മൊഴി നൽകിയിരുന്നു. വഞ്ചിയൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി 11-ലെ ജഡ്ജിക്ക് നൽകിയ മൊഴിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
യുവതിയെ കാണാൻ ഇല്ലെന്ന് ആരോപിച്ച് ഇവരുടെ ബന്ധുക്കൾ വഞ്ചിയൂർ പോലീസിന് പരാതി നൽകിയിരുന്നു. ഈ കേസിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ ഇവരെ കണ്ടെത്തിയിരുന്നു. തുടർന്ന് ഇവരെ കോടതിയിൽ ഹാജരാക്കിയപ്പോളാണ് യുവതി മൊഴി നൽകിയത്. പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എംഎൽഎ തന്നെ വീണ്ടും മർദിച്ചു. പരാതി പിൻവലിക്കാൻ 30 ലക്ഷം രൂപ വാഗ്ദാനം ചെയ്തുവെന്നും ഇതിനായി ബോണ്ടിൽ ഒപ്പിടാൻ എംഎൽഎ തന്നെ നിർബന്ധിച്ചുവെന്നും മൊഴിയിൽ പറയുന്നു. ഇവർക്ക് പിൻകഴുത്തിൽ പരുക്കേറ്റതിൻ്റെ വൂണ്ട് സർട്ടിഫിക്കറ്റ് പോലീസിന് ലഭിച്ചിട്ടുണ്ട്. താൻ നാട് വിടാൻ കാരണം എംഎൽഎ ഉൾപ്പെടെയുള്ളവർ ഭീഷണിപ്പെടുത്തിയതിനാലാണെന്നും യുവതി പോലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്.
എൽദോസ് കുന്നപ്പിള്ളി എംഎൽഎയ്ക്കെതിരായ പരാതി പിൻവലിക്കാൻ പരാതിക്കാരിയെ എംഎൽഎയുടെ പി എ ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. പരാതി പിൻവലിക്കണമെന്നും ഇല്ലെങ്കിൽ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്നും പറഞ്ഞ് എംഎൽഎയുടെ പിഎ ഡാമി പോൾ യുവതിയെ ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണമുയർന്നിരിക്കുന്നത്.
EXCLUSIVE.. എംഎൽഎ തന്നെ മർദ്ദിച്ചത് റൂമെടുത്ത് താമസിക്കാൻ തയ്യാറാവത്തതിനെന്ന് യുവതി