എറണാകുളം തോപ്പുംപടിയിൽ കോൺഗ്രസ് നേതാവിൻ്റെ ബസിടിച്ച് വഴിയാത്രക്കാരൻ മരിച്ച സംഭവത്തിൽ കേസെടുത്ത് പോലീസ്. ബസ് ഡ്രൈവർ അനസിനെതിരെയാണ് കേസെടുത്തത്. ഇയാൾക്കെതിരെ നരഹത്യ അടക്കമുള്ള വകുപ്പുകൾ പോലീസ് ചുമത്തിയിട്ടുണ്ട്. കേസ് അന്വേഷണം മുന്നോട്ടു പോകുന്നതായി തോപ്പുംപടി പോലീസ് വ്യക്തമാക്കി. കോൺഗ്രസ് നേതാവായ തൃക്കാക്കര നഗരസഭാംഗം പി എം അബ്ദുവിൻ്റെ ഷാന എന്ന ബസാണ് ശനിഴാച വഴിയാത്രക്കാരനെ ഇടിച്ചത്. അമിത വേഗമാണ് അപകടത്തിന് കാരണം. ഫോർട്ട് കൊച്ചി റൂട്ടിൽ സർവീസ് നടത്തുന്ന ഈ ബസ് പോലീസ് കസ്റ്റഡിയിലെടുത്തു.
കൊച്ചി തോപ്പുംപടി കൊച്ചുപള്ളിക്കു സമീപം ശനിയാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. പ്രവാസിയായ ഇടക്കൊച്ചി സ്വദേശി ലോറൻസ് വർഗീസ് ആണ് അപകടത്തിൽ മരിച്ചത്. ബൈക്ക് റോഡരികിൽ പാർക്ക് ചെയ്ത ശേഷം സമീപത്തെ കടയിലേക്ക് കയറുന്നതിനിടെ ബസ് ലോറൻസിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
സംഭവത്തിന് ശേഷം ഒളുവിൽ പോയ ഡ്രൈവർ അനസിനായി അന്വേഷണം ഊർജ്ജതമാക്കിയിട്ടുണ്ട്. ബസുകളുടെ മത്സര ഓട്ടത്തിൽ നഷ്ടമാകുന്നത് നിരപരാധികളുടെ ജീവനാണെന്നും, ബസ് ഉടമക്ക് എതിരെ നടപടി വേണമെന്നും ഒരാൾക്കും ഇനി ഇങ്ങനെ ഒരു അവസ്ഥയുണ്ടാകരുതെന്നും മരിച്ച ലോറൻസിന്റെ മകൾ അന്ന ആവശ്യപ്പെട്ടു.