കണ്ണൂർ: ബസിൽ കയറ്റാതെ വിദ്യാർത്ഥികളെ മഴയത്ത് നിർത്തിയ സംഭവത്തിൽ ഇടപെട്ട എസ്എഫ്ഐ നേതാക്കൾക്കെതിരെ സ്വകാര്യ ബസ് ജീവനക്കാരുടെ ഭീഷണി. പ്രതിഷേധിക്കുന്നവരുടെ ദേഹത്തുകൂടി വാഹനം കയറ്റിയിറക്കണമെന്ന് സ്വകാര്യ ബസ് ജീവനക്കാർ പറയുന്ന ശബ്ദരേഖ പുറത്ത്. തലശേരിയിൽ വിദ്യാർത്ഥികളെ ബസിൽ കയറ്റാതെ മഴയത്ത് നിർത്തിയ സംഭവത്തിലാണ് എസ്എഫ്ഐ സ്വകാര്യ ബസ് തടഞ്ഞുനിർത്തി പ്രതിഷേധിച്ചത്.
ബുധനാഴ്ച കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന സിഗ്മ എന്ന സ്വകാര്യ ബസിലെ ജീവനക്കാരാണ് വിദ്യാർത്ഥികളെ ബസിൽ കയറ്റാതെ മഴയത്ത് നിർത്തിയത്. കുട്ടികളെ മഴയത്ത് നിർത്തിയതിൻ്റെ ദൃശ്യം സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ തലശ്ശേരി പൊലീസും മോട്ടോർ വാഹന വകുപ്പും ജീവനക്കാർക്കെതിരെ നടപടി എടുത്തിരുന്നു. പതിനായിരം രൂപ പിഴ ഈടാക്കിയ ശേഷം മോട്ടോർ വാഹന വകുപ്പ് ബസ് വിട്ടയച്ചു.