രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ നിലനിൽക്കുകയാണെന്ന് മാധ്യമപ്രവർത്തക ലീന രഘുനാഥ്. രാജ്യത്ത് ഏർപ്പെടുത്തിയിരുന്ന അടിയന്തരാവസ്ഥയുടെ ഓർമകൾ നാം പങ്കുവെക്കുകയും അതിനെ എതിർത്ത് സംസാരിക്കുകയും ചെയ്യുമെങ്കിലും അപ്രഖ്യാപിത അടിയന്തരാവസ്ഥയെക്കുറിച്ച് ആരും വാചാലമാകുന്നില്ല. മാധ്യമ ഉടമകൾക്കും മാധ്യമപ്രവർത്തകർക്കും മുകളിൽ ഒരു ഭീതി നിലനിൽക്കുന്നുണ്ട്. ഹൈദരാബാദ് മക്ക മസ്ജിദ്-മാലേഗാവ്-സംഝോത എക്സ്പ്രസ് സ്ഫോടനത്തേക്കുറിച്ച് സൂക്ഷ്മമായി അന്വേഷിച്ച് വാർത്ത ചെയ്തതിന് വലതുപക്ഷ വർഗീയ ശക്തികൾ തനിക്കെതിരെ ഭീഷണിയുയർത്തിയെന്ന് ലീന വെളിപ്പെടുത്തി. മാധ്യമം ജേണലിസ്റ്റ് യൂണിയൻ സംഘടിപ്പിച്ച എൻ രാജേഷ് പുരസ്കാര സമർപ്പണ ചടങ്ങിൽ സംസാരിക്കവെയാണ് മാധ്യമപ്രവർത്തകയുടെ പ്രതികരണം.
‘ഞാൻ അനുഭവിച്ചതിനേക്കാൾ ഭീതിദമായ പിന്തുടരലും വേട്ടയാടലുമാണ് നേഹ ദീക്ഷിത്, റാണ അയ്യൂബ് തുടങ്ങിയ മാധ്യമപ്രവർത്തകർക്ക് നേരിടേണ്ടി വന്നത്. അസമിലെ ഗ്രാമങ്ങളിൽ നിന്ന് മാതാപിതാക്കളുടെ സമ്മതമില്ലാതെ കുഞ്ഞുങ്ങളെ കടത്തിക്കൊണ്ടുപോയി സംഘ്പരിവാറിന്റെ വർഗീയ കേന്ദ്രങ്ങളിൽ വളർത്തുന്നതിനേക്കുറിച്ചാണ് ഓപ്പറേഷൻ ബേബി ലിഫ്റ്റ് എന്ന തലക്കെട്ടിൽ നേഹ ദീക്ഷിത് അന്വേഷണാത്മക റിപ്പോർട്ട് എഴുതിയത്. വീടിനടുത്തുള്ള പച്ചക്കറിക്കടയിൽ പോകുമ്പോൾ പോലും അവരെ അവരെ ആക്രമികൾ പിന്തുടരുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. നിരന്തര ഭീഷണികൾക്കൊടുവിൽ അവരുടെ വീട്ടിനുള്ളിലേക്ക് ആക്രമികൾ കടന്നുകയറുകവരെയുണ്ടായി,’ മാധ്യമപ്രവർത്തക പറഞ്ഞു.
ഭരണകൂടത്തെ ചോദ്യം ചെയ്യുന്ന ലേഖനം എഴുതുന്ന റാണ അയ്യൂബിനെതിരെ സൈബർ ആക്രമണം തുടരുകയാണെന്ന് ലീന രഘുനാഥ് ചൂണ്ടിക്കാട്ടി. റാണ അയ്യൂബിനോട് ഐക്യപ്പെടാനോ പിന്തുണ നൽകാനോ ആരുമില്ലാത്ത അവസ്ഥയുണ്ട്. സൈബർ അധിക്ഷേപങ്ങൾക്കും ഭീഷണികൾക്കുമെതിരെ പരാതി നൽകിയാൽ കേസെടുക്കാനോ അന്വേഷിക്കാനോ പൊലീസ് തയ്യാറാകുന്നില്ലെന്നും ലീന വിമർശിച്ചു.