കൊച്ചിയില്‍ സര്‍ക്കാര്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന മാരിടൈം ക്ലസ്റ്ററുമായി സഹകരിക്കുവാന്‍ ഓസ്കോ മാരിടൈമിന് താല്പര്യമുണ്ടെന്ന് മാനേജിംഗ് ഡയറക്ടര്‍ കായി ജെസ്സ് ഓസ്ല്ലന്‍ വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടി കാഴ്ചയിലാണ് കായി ജെസ്സ് ഇക്കാര്യം സൂചിപ്പിച്ചത്.
കൊച്ചിയെ മാരിടൈം ഹബ്ബാക്കി മാറ്റുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാനും സര്‍ക്കാര്‍ പ്രത്യേകം ശ്രമിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ ഓസ്കോയുടെ പിന്തുണ എംഡി വാഗ്ദാനം ചെയ്തു.
ഓസ്കോ മരൈനു വേണ്ടി രണ്ട് ഇലക്ട്രിക് ബാര്‍ജുകള്‍ കൊച്ചിന് ഷിപ്പ്യാര്ഡാണ് നിര്‍മ്മിച്ചു നല്‍കിയത്. ലോകത്ത് ആദ്യത്തെ പൂര്‍ണ്ണ ഓട്ടോമാറ്റിക് , ഇലക്ട്രിക് ബാര്‍ജുകള്‍ നിര്‍മ്മിച്ച കൊച്ചിന് ഷിപ്പ്യാര്ഡ് പുതിയ ചരിത്രമാണ് സൃഷ്ടിച്ചത്. ഇതിന്റെ അടിസ്ഥാന ഡിസൈനും ബാറ്ററി സംവിധാനവും ഓസ്കോയാണ് ചെയ്തത്.
കേരളത്തില്‍ കമ്മീഷന് ചെയ്യാനിരിക്കുന്ന ജലപാതയില്‍ സമാനമായ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ബാര്‍ജുകളുടെ സാധ്യത പരിശോധിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ഹോര്‍ട്ടനിലെ ഓസ്കോ മറൈന്‍ ഓഫീസ് സന്ദര്‍ശിച്ച മുഖ്യമന്ത്രി ഷിപ്പ് യാര്‍ഡ് നിര്‍മ്മിച്ച ബാര്‍ജും കണ്ടു. വ്യവസായ മന്ത്രി പി രാജീവ്, ചീഫ് സെക്രട്ടറി ഡോ. വി പി ജോയി എന്നിവര്‍ക്കൊപ്പം കൊച്ചിന് ഷിപ്പ് യാര്‍ഡ് ചീഫ് ജനറല്‍ മാനേജര്‍ രാജേഷ് ഗോപാലകൃഷ്ണനും ജനറല്‍ മാനേജര്‍ ദീപു സുരേന്ദ്രനും സംഘത്തിലുണ്ടായിരുന്നു.