വടക്കഞ്ചേരിയിൽ ടൂറിസ്റ്റ് ബസും കെഎസ്ആർടിസിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്ന് മന്ത്രി ആന്റണി രാജു. ടൂറിസ്റ്റ് ബസുകൾ വാടകയ്ക്ക് എടുക്കുമ്പോൾ സ്കൂൾ ഡ്രൈവർമാരുടെ പശ്ചാത്തലം നോക്കാറില്ല. ഇത് അപകടങ്ങൾ വർധിക്കാൻ കാരണമാകുന്നു. ഡ്രൈവർമാരുടെ പൂർണവിവരങ്ങൾ ശേഖരിക്കാൻ മോട്ടോർവാഹന വകുപ്പിന് നിർദേശം നൽകും. ഡ്രൈവർമാരുടെ എക്സ്പീരിയൻസ് അടക്കമുള്ള വിവരങ്ങൾ ശേഖരിക്കും. സ്കൂളുകൾ വിനോദ യാത്രയുടെ വിവരങ്ങൾ മോട്ടോർ വാഹന വകുപ്പിനെ അറിയിക്കണം. വടക്കഞ്ചേരി അപകടത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ട്രാൻസ്പോർട്ട് കമ്മീഷണറെ ചുമതലപ്പെടുത്തിയതായും മന്ത്രി പറഞ്ഞു.
ബുധനാഴ്ച രാത്രി പന്ത്രണ്ട് മണിയോടെ മറ്റൊരു കാറിനെ മറികടക്കാൻ ടൂറിസ്റ്റ് ബസ് ശ്രമിക്കുമ്പോഴാണ് അപകടമുണ്ടായത്. അപകടത്തിൽ മരിച്ച ഒമ്പത് പേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. അഞ്ച് വിദ്യാർത്ഥികളും ഒരു അധ്യാപകനും മൂന്ന് പേർ കെഎസ്ആർടിസി യാത്രക്കാരുമാണ് അപകടത്തിൽ മരിച്ചത്. എൽന ജോസ് (15), ക്രിസ്വിന്ത് (16), ദിവ്യ രാജേഷ്( 16), അഞ്ജന അജിത് (16), അധ്യാപകനായ വിഷ്ണു(33) എന്നിവരും കെഎസ്ആർടിസി ബസിൽ യാത്ര ചെയ്തിരുന്ന ഇമ്മാനുവൽ (16) ദീപു (25) രോഹിത് (24) എന്നിവരുമാണ് മരിച്ചത്.
ആലത്തൂർ, വടക്കഞ്ചേരി ഫയർഫോഴ്സ് യൂണിറ്റും, വടക്കഞ്ചേരി യൂണിറ്റും, ക്രിറ്റിക്കൽകെയർ എമർജൻസി ടീം അംഗങ്ങളും നാട്ടുകാരും ചേർന്നാണ് സ്ഥലത്ത് രക്ഷപ്രവർത്തനം നടത്തിയത്. പരുക്കേറ്റർ അവറ്റിസ് ഹോസ്പിറ്റൽ, ക്രസന്റ് ഹോസ്പിറ്റൽ, പാലക്കാട് ഡിസ്റ്റിക് ഹോസ്പിറ്റൽ, ആലത്തൂര് താലൂക്ക് ഹോസ്പിറ്റൽ എന്നിവിടങ്ങളിലാണ് ചികിത്സയിലുള്ളത്.