വടക്കാഞ്ചേരി വാഹനാപകട കേസിൽ ടൂറിസ്റ്റ് ബസ് ഡ്രൈവർ ജോമോൻ പത്രോസ് പോലീസ് പിടിയിൽ. തിരുവനന്തപുരത്തേയ്ക്ക് രക്ഷപ്പെടുന്നതിന് ഇടയിലാണ് ജോമോൻ പിടിയിലായത്. സുഹൃത്തുകൊൾക്കൊപ്പം ജോമോൻ തിരുവനന്തപുരത്തേക്ക് കടക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് വടക്കാഞ്ചേരി പോലീസ് ജോമോനെ പിന്തുടരുന്നുണ്ടായിരുന്നു. ഇയാൾ പോലീസിൻ്റെ കണ്ണ് വെട്ടിച്ച് രക്ഷപെടുന്നതിനിടയിൽ വടക്കാഞ്ചേരി പോലീസ് ചവറ പോലീസിന് വിവരം കൈമാറിയതോടെയാണ് ജോമോൻ വലയിലായത്.
ദേശീയ പാതയിൽ ശങ്കരമംഗലത്ത് വെച്ച് സാഹസികമായാണ് ജോമോനെ പോലീസ് സംഘം പിടികൂടിയത്. ജോമോനെ രക്ഷപെടാൻ സഹായിച്ച രണ്ട് സുഹൃത്തുക്കളും പോലീസ് കസ്റ്റഡിയിലുണ്ട്. ചവറ പോലീസ് സ്റ്റേഷനിൽനിന് ജോമോനെ വടക്കാഞ്ചേരി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ജോമോനെതിരെ മനഃപൂർവ്വം അല്ലാത്ത നരഹത്യ കുറ്റം ചുമത്തിയാണ് പോലീസ് കേസെടുത്തത്. അശ്രദ്ധമായും അമിതവേഗത്തിലും വാഹനം ഓടിച്ചെന്ന കുറ്റവും ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്.
ബുധനാഴ്ച രാത്രി പന്ത്രണ്ട് മണിയോടെ മറ്റൊരു കാറിനെ മറികടക്കാൻ ടൂറിസ്റ്റ് ബസ് ശ്രമിക്കുമ്പോഴാണ് അപകടമുണ്ടായത്. അപകടത്തിൽ ഒൻമ്പത് പേർ മരണപ്പെടുകയും നിരവധി പേർക്ക് പരുക്ക് പറ്റുകയും ചെയ്തിരുന്നു. അഞ്ച് വിദ്യാർത്ഥികളും ഒരു അധ്യാപകനും മൂന്ന് കെഎസ്ആർടിസി യാത്രക്കാരുമാണ് അപകടത്തിൽ മരിച്ചത്. അമിതവേഗമാണ് അപകടത്തിന് കാരണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിൻേതാണ് നടപടി.