വടക്കാഞ്ചേരിയിൽ കെഎസ്ആർഐടിസി ബസിന് പുറകിൽ ടൂറിസ്റ്റ് ബസ് ഇടിച്ചുണ്ടായ അപകടത്തിൽ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി. വിദേശത്തുള്ള മുഖ്യമന്ത്രി ഫേസ്ബുക്കിലൂടെയാണ് അനുശോചനം അറിയിച്ചത്. വടക്കഞ്ചേരിയിൽ ഉണ്ടായ വാഹനപകടം ആരെയും ഞെട്ടിക്കുന്നതാണ്. ഒൻപത് മരണം ഉണ്ടായി എന്നാണ് റിപ്പോർട്ട്. നിരവധി പേർക്ക് പരുക്കേറ്റു. സ്കൂളിൽ നിന്നും വിനോദ യാത്രയ്ക്ക് പോയ കുട്ടികളും മരിച്ചവരിൽ ഉൾപ്പെടുന്നു. അപകടത്തിൻ്റെ കാരണം അന്വേഷിക്കും. റോഡിലെ നിയമ ലംഘനങ്ങൾക്ക് എതിരെ കർശന നടപടി സ്വീകരിക്കും.
പരിക്കേറ്റവർക്ക് ആവശ്യമായ ചികിൽസാ സഹായം ചെയ്യാൻ സർക്കാർ സംവിധാനങ്ങൾ ആകെ ഉണർന്ന് പ്രവർത്തിക്കുന്നുണ്ട്. മന്ത്രിമാർ ഉൾപ്പെടെ ആശ്വാസ പ്രവർത്തനങ്ങൾക്ക് നേരിട്ട് നേതൃത്വം നൽകുന്നു. മരണമടഞ്ഞവരുടെ കുടുംബങ്ങളുടെയും ഉറ്റവരുടെയും വേദനയിൽ പങ്കു ചേരുന്നു. അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു എന്നും മുഖ്യമന്ത്രി കുറിച്ചു.
വടക്കഞ്ചേരിയിൽ ടൂറിസ്റ്റ് ബസും കെഎസ്ആർടിസിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്ന് മന്ത്രി ആൻ്റണി രാജുവും വ്യക്തമാക്കിയിരുന്നു. ടൂറിസ്റ്റ് ബസുകൾ വാടകയ്ക്ക് എടുക്കുമ്പോൾ സ്കൂൾ ഡ്രൈവർമാരുടെ പശ്ചാത്തലം നോക്കാറില്ല. ഇത് അപകടങ്ങൾ വർധിക്കാൻ കാരണമാകുന്നു. ഡ്രൈവർമാരുടെ പൂർണവിവരങ്ങൾ ശേഖരിക്കാൻ മോട്ടോർവാഹന വകുപ്പിന് നിർദേശം നൽകും. ഡ്രൈവർമാരുടെ എക്സ്പീരിയൻസ് അടക്കമുള്ള വിവരങ്ങൾ ശേഖരിക്കും. സ്കൂളുകൾ വിനോദ യാത്രയുടെ വിവരങ്ങൾ മോട്ടോർ വാഹന വകുപ്പിനെ അറിയിക്കണം. വടക്കഞ്ചേരി അപകടത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ട്രാൻസ്പോർട്ട് കമ്മീഷണറെ ചുമതലപ്പെടുത്തിയതായും മന്ത്രി പറഞ്ഞു.
ബുധനാഴ്ച രാത്രി പന്ത്രണ്ട് മണിയോടെ മറ്റൊരു കാറിനെ മറികടക്കാൻ ടൂറിസ്റ്റ് ബസ് ശ്രമിക്കുമ്പോഴാണ് അപകടമുണ്ടായത്. അപകടത്തിൽ മരിച്ച ഒമ്പത് പേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. അഞ്ച് വിദ്യാർത്ഥികളും ഒരു അധ്യാപകനും മൂന്ന് പേർ കെഎസ്ആർടിസി യാത്രക്കാരുമാണ് അപകടത്തിൽ മരിച്ചത്. എൽന ജോസ് (15), ക്രിസ്വിന്ത് (16), ദിവ്യ രാജേഷ്( 16), അഞ്ജന അജിത് (16), അധ്യാപകനായ വിഷ്ണു(33) എന്നിവരും കെഎസ്ആർടിസി ബസിൽ യാത്ര ചെയ്തിരുന്ന ഇമ്മാനുവൽ (16) ദീപു (25) രോഹിത് (24) എന്നിവരുമാണ് മരിച്ചത്.
വടക്കാഞ്ചേരി അപകടം; സമഗ്ര അന്വേഷണം നടത്തുമെന്ന് മന്ത്രി ആൻ്റണി രാജു