നടിയെ ആക്രമിച്ച കേസിൽ ദിലീപിന് തിരിച്ചടി. കേസിൽ സംവിധായകൻ ബാലചന്ദ്രകുമാർ നൽകിയ ശബ്ദസംഭാഷണം ദിലീപിന്റേത് തന്നെ. ഇതുസംബന്ധിച്ച ഫോറൻസിക് പരിശോധനാ ഫലം പുറത്തു വന്നു. ദിലീപിന് പുറമെ സഹോദരൻ അനൂപ്, സുരാജ്, അപ്പു, ശരത് എന്നിവരുടേത് തന്നെയാണ് സംഭാഷണത്തിലുള്ള ശബ്ദമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
നാൽപതോളം ശബ്ദശകലങ്ങളായിരുന്നു ബാലചന്ദ്രകുമാർ അന്വേഷണ സംഘത്തിന് കൈമാറിയത്. ഇത് വ്യാജമാണെന്ന് പ്രതികളുടെ അഭിഭാഷകർ ഉൾപ്പടെ ആരോപിച്ചിരുന്നു. ശബ്ദരേഖ വ്യാജമല്ലെന്നും കൃത്രിമം നടന്നിട്ടില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. പരിശോധനയുടെ ഭാഗമായി ദിലീപ്, അനൂപ്, അപ്പു, സുരാജ്, ശരത് എന്നിവരുടെ ശബ്ദങ്ങൾ ശേഖരിച്ചിരുന്നു. ഈ ശബ്ദങ്ങളുമായി താരതമ്യം ചെയ്താണ് ബാലചന്ദ്രകുമാർ കൈമാറിയ ശബ്ദങ്ങൾ പരിശോധിച്ചത്. കേസിൽ എട്ടാം പ്രതിയാണ് ദിലീപ്.