വടക്കാഞ്ചേരി വാഹനാപകടത്തിൽ പരുക്കേറ്റവരുടെ ചികിത്സക്കായി എല്ലാ നടപടികളും സ്വീകരിച്ചതായി മന്ത്രി കെ രാധാകൃഷ്ണൻ. ബസ് അപകടത്തിൽ മരിച്ചവർക്ക് അനുശോചനം അറിയിച്ച് ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. വടക്കഞ്ചേരിയിൽ കെഎസ്ആർടിസി ബസും വിദ്യാർത്ഥികൾ യാത്ര ചെയ്ത ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് അപകടത്തിൽപ്പെട്ടു. ആശുപത്രിയിൽ കണ്ട കാഴ്ച്ചകൾ ഏറെ വേദനാജനകമായിരുന്നു. പരുക്കേറ്റവരുടെ ചികിൽസയ്ക്കായി എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. മരണപ്പെട്ട കുട്ടികളുടെയും അധ്യാപകൻ്റെയും മറ്റു യാത്രക്കാരുടെയും വേർപാടിൽ അതിയായ ദുഃഖവും അനുശോചനം രേഖപ്പെടുത്തുന്നു. ആദരാഞ്ജലികൾ എന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
വാഹനാപകടത്തിൽ നേരത്തെ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും അനുശോചനം അറിയിച്ചിരുന്നു. വടക്കഞ്ചേരിയിൽ ഉണ്ടായ വാഹനപകടം ആരെയും ഞെട്ടിക്കുന്നതാണ്. ഒൻപത് മരണം ഉണ്ടായി എന്നാണ് റിപ്പോർട്ട്. നിരവധി പേർക്ക് പരുക്കേറ്റു. സ്കൂളിൽ നിന്നും വിനോദ യാത്രയ്ക്ക് പോയ കുട്ടികളും മരിച്ചവരിൽ ഉൾപ്പെടുന്നു. അപകടത്തിൻ്റെ കാരണം അന്വേഷിക്കും. റോഡിലെ നിയമ ലംഘനങ്ങൾക്ക് എതിരെ കർശന നടപടി സ്വീകരിക്കും. പരുക്കേറ്റവർക്ക് ആവശ്യമായ ചികിൽസാ സഹായം ചെയ്യാൻ സർക്കാർ സംവിധാനങ്ങൾ ആകെ ഉണർന്ന് പ്രവർത്തിക്കുന്നുണ്ട്. മന്ത്രിമാർ ഉൾപ്പെടെ ആശ്വാസ പ്രവർത്തനങ്ങൾക്ക് നേരിട്ട് നേതൃത്വം നൽകുന്നു. മരണമടഞ്ഞവരുടെ കുടുംബങ്ങളുടെയും ഉറ്റവരുടെയും വേദനയിൽ പങ്കു ചേരുന്നു. അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു എന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
ബുധനാഴ്ച രാത്രി പന്ത്രണ്ട് മണിയോടെ മറ്റൊരു കാറിനെ മറികടക്കാൻ ടൂറിസ്റ്റ് ബസ് ശ്രമിക്കുമ്പോഴാണ് അപകടമുണ്ടായത്. അപകടത്തിൽ ഒൻമ്പത് പേരാണ് മരിച്ചത്. അഞ്ച് വിദ്യാർത്ഥികളും ഒരു അധ്യാപകനും മൂന്ന് പേർ കെഎസ്ആർടിസി യാത്രക്കാരുമാണ് അപകടത്തിൽ മരിച്ചത്. എൽന ജോസ് (15), ക്രിസ്വിന്ത് (16), ദിവ്യ രാജേഷ്( 16), അഞ്ജന അജിത് (16), അധ്യാപകനായ വിഷ്ണു(33) എന്നിവരും കെഎസ്ആർടിസി ബസിൽ യാത്ര ചെയ്തിരുന്ന ഇമ്മാനുവൽ (16) ദീപു (25) രോഹിത് (24) മരിച്ചത്.