കോൺഗ്രസ് നേതൃത്വത്തിനെതിരെ പരിഹാസവുമായി മുൻ കേന്ദ്രമന്ത്രിയും എഐസിസി അംഗവുമായിരുന്ന കെ വി തോമസ്. തലമുറമാറ്റമല്ല, തലമാറ്റം മാത്രമാണ് കോൺഗ്രസിൽ നടക്കാൻ പോകുന്നത്. ഹൈക്കമാൻഡിനെ ഭയന്നിട്ടാണ് കേരളത്തിലെ നേതാക്കൾ തരൂരിനെ പിന്തുണയ്ക്കാത്തതെന്നും കെ വി തോമസ് പറഞ്ഞു.
ശശി തരൂർ നല്ല സ്ഥാനാർത്ഥിയാണ്. ഹൈക്കമാൻഡും നെഹ്റു കുടുംബവും പിന്തുണയ്ക്കുന്നത് മല്ലിഗാർജ്ജുൻ ഖാർഗെയെ ആണെന്ന് വെച്ചാൽ, അദ്ദേഹത്തിൻ്റെ കൂടെയേ വോട്ട് പോവുകയുള്ളൂ. എനിക്ക് സീറ്റ് നിഷേധിക്കുമ്പോൾ 73 വയസ്സാണ്. അന്ന് 53 എം.പിമാർ ജയിച്ചവർ ഉണ്ട്. അതിൽ എനിക്ക് മാത്രമാണ് സീറ്റ് നിഷേധിച്ചത്. സീറ്റ് കൊടുത്തവരിൽ തന്നെ എന്നേക്കാൾ പ്രായമുള്ളവരുണ്ട്. പ്രായമൊരു ഘടകമായി എനിക്ക് തോന്നിയിട്ടില്ല, പിന്നീടും. ഓരോരുത്തർക്കും സൗകര്യത്തിന് ഓരോ മാനദണ്ഡമുണ്ടാക്കുന്നു എന്നും കെ വി തോമസ് പറഞ്ഞു.
ശശി തരൂർ അതിവേഗം പ്രചാരണം നടത്തുന്നുണ്ടെങ്കിലും എല്ലാ സംസ്ഥാനങ്ങളിലും കനത്ത തിരിച്ചടിയാണ് തരൂരിന് നേരിടേണ്ടി വരുന്നത്. കേരളാ ഘടകത്തിൽ നിന്നുപോലും അനുകൂലമായ സമീപനം തരൂരിന് ലഭിക്കുന്നില്ല. തരൂരിന് വോട്ട് ചെയ്യില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ ഇന്ന് വ്യക്തമാക്കിയിരുന്നു. കെപിസിസി പ്രസിഡന്റ് കെ സുധാകരനും ഖാർഗെയ്ക്ക് വോട്ട് ചെയ്യുമെന്ന് വ്യക്തമാക്കി കഴിഞ്ഞു. കഴിഞ്ഞ ദിവസം തെലുങ്കാന പിസിസി തരൂരിനോട് നാമനിർദേശ പത്രിക പിൻവലിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികരണവുമായി കെ വി തോമസ് രംഗത്ത് വന്നത്.