കോൺഗ്രസ് അധ്യക്ഷ സ്ഥാനാർഥി ശശി തരൂരിന് സാധാരണ പ്രവർത്തകരുമായി ബന്ധമില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ. തൻ്റെ വോട്ട് മല്ലിഗാർജ്ജുൻ ഖാർഗെയ്ക്കാണെന്നും കെ മുരളീധരൻ വ്യക്തമാക്കി. ശശി തരൂരിനോട് സ്നേഹമുണ്ട്, എന്നാൽ വോട്ട് ചെയ്യില്ല. സാധാരണ ഞങ്ങളുടെ മനസറിയുന്ന ആൾ അധ്യക്ഷനാകണമെന്നാണ് എന്നെപോലുള്ളവർ ആഗ്രഹിക്കുന്നത്. സ്വന്തം അധ്വാനം കൊണ്ട് താഴെട്ടു മുതൽ ഉയർന്നു വന്ന ആളാണ് മല്ലിഗാർജ്ജുൻ ഖാർഗെയെന്നും മുരളീധരൻ പറഞ്ഞു.
അതേസമയം അധ്യക്ഷ തെരഞ്ഞെടുപ്പിൽ വലിയ നേതാക്കളുടെ പിന്തുണയല്ല താൻ പ്രതീക്ഷിക്കുന്നതെന്നും സാധാരണ പ്രവർത്തകരുടെ ശബ്ദം കേൾപ്പിക്കാനാണ് ശ്രമമെന്നും തരൂർ പറഞ്ഞു. കോൺഗ്രസിനുള്ളിൽ പല പ്രവർത്തകരും അസന്തുഷ്ടരാണ്. ജനാധിപത്യ രാജ്യത്തെ പാർട്ടിയുടെ അകത്തും ജനാധിപത്യം വേണം. പാർട്ടി പ്രവർത്തകർക്ക് അവരുടെ അഭിപ്രായം അവതരിപ്പിക്കാനുള്ള അവസരമാണ് ഈ തെരഞ്ഞെടുപ്പ്. വിഷയങ്ങൾ മനസിലാക്കി, പാർട്ടിയുടെ ഭാവിയെ കുറിച്ച് ചിന്തിച്ച് പ്രവർത്തകർ വോട്ടു ചെയ്യട്ടെ എന്നും തരൂർ പറഞ്ഞു.
കഴിഞ്ഞ ദിവസം മല്ലിഗാർജ്ജുൻ ഖാർഗെയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരനും രംഗത്ത് വന്നിരുന്നു. ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്നവർ സ്ഥാനാർത്ഥികളെ പിന്തുണക്കരുതെന്ന എഐസിസി മാനദണ്ഡം ലംഘിച്ചായിരുന്നു കെ സുധാകരൻ്റെ പ്രതികരണം. ചൊവ്വാഴ്ച തരൂർ നാമനിർദേശ പത്രിക പിൻവലിക്കണമെന്ന് കർണാടക പിസിസിയും ആവശ്യപ്പെട്ടിരുന്നു. മുൻ കേന്ദ്രമന്ത്രി ചിന്താ മോഹൻ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളാണ്, തരൂരിനോട് നാമനിർദേശ പത്രിക പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടത്.
അധ്യക്ഷ തെരഞ്ഞെടുപ്പ് ; തെരഞ്ഞെടുപ്പ് അതോറിറ്റി മാര്‍ഗ നിര്‍ദേശം ലംഘിച്ച് കെ സുധാകരന്‍