കണ്ണൂര്‍: സഖാവ് കോടിയേരി ബാലകൃഷ്ണന് യാത്രാമൊഴി ചൊല്ലാന്‍ എത്തിയത് ആയിരങ്ങള്‍. കണ്ണൂരിലെ സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടന്‍ മന്ദിരത്തിലെ പൊതുദര്‍ശനത്തിനു ശേഷം കോടിയേരിയുടെ ഭൗതികദേഹം പയ്യാമ്പലത്തേക്ക് കൊണ്ടുപോയി. അവസാനമായി അഭിവാദ്യം അര്‍പ്പിക്കാന്‍ ജനപ്രവാഹമായിരുന്നു. വഴിയോരത്തും മറ്റും ജനം തങ്ങളുടെ പ്രിയപ്പെട്ട നേതാവിനെ ഒരു നോക്ക് കാണുവായി കാത്തുനിന്നു.
കാല്‍നടയായാണ് വിലാപയാത്ര പയ്യാമ്പലത്തേക്ക് നീങ്ങുന്നത്. വിലാപ യാത്രയില്‍ നടന്ന് ഭൗതിക ശരീരത്തിനൊപ്പം മുഖ്യമന്ത്രി പിണറായി വിജയനും ഉണ്ട്. സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്, മുതിര്‍ന്ന നേതാക്കളായ എം.എ. ബേബി, പി.കെ.ശ്രീമതി തുടങ്ങിയവരാണ് വിലാപയാത്രയില്‍ മുന്‍നിരയില്‍ നില്‍ക്കുന്നത്.
മൂന്നുമണിക്ക് പയ്യാമ്പലത്ത് പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാണ് കോടിയേരിയുടെ സംസ്കാരച്ചടങ്ങുകള്‍ നടത്തുന്നത്. മുതിര്‍ന്ന സി.പി.എം. നേതാക്കളായ ഇ.കെ. നായനാര്‍, ചടയന്‍ ഗോവിന്ദന് എന്നിവരുടെ സ്മൃതി കുടീരത്തോടു ചേര്‍ന്നാണ് കോടിയേരിക്കും ചിതയൊരുക്കുന്നത്.
അഴീക്കോടന്‍ മന്ദിരത്തില്‍നടന്ന പൊതുദര്ശനത്തില്, സി.പി.എം. ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, ബിജെപി നേതാവ് സി.കെ. പദ്മനാഭന്, ആര്.എസ്.എസ് നേതാവ് വത്സന് തില്ലങ്കേരി, വിവിധ പാര്‍ട്ടികളുടെ നേതാക്കള്‍ തുടങ്ങിയവർ എത്തിയിരുന്നു.
കോടിയേരിയുടെ മൃതദേഹം സിപിഎം കണ്ണൂർ ജില്ലാ കമ്മറ്റി ഓഫിസിലെത്തിച്ചു