പയ്യന്നൂർ: കോടിയേരി ബാലകൃഷ്ണൻ്റെ വിയോഗം കേരളാ രാഷ്ട്രീയത്തിലെ തീരാനഷ്ടമാവുകയാണ്. തലശ്ശേരിയുടെ പ്രിയപ്പെട്ട നേതാവിനെ കാണാൻ ജനപ്രവാഹമാണ് മലബാറിലേയ്ക്ക്. ഇന്ന് കണ്ണൂരുകാരുടെ മാത്രമല്ല, കേരളത്തിൻ്റെ നാനാഭാഗങ്ങളും കോടിയേരി ബാലകൃഷ്ണൻ എന്ന നേതാവ് നെഞ്ചിൽ കുടിയിരിക്കുകയാണ്. ഈ വേളയിൽ തങ്ങളുടെ ജീവിതത്തിൽ നല്ല നിമിഷങ്ങളിൽ കോടിയേരി എത്തിയതിൻ്റെ സന്തോഷം ഓർത്തെടുക്കുകയാണ് സിപിഎം നേതാവായ ടി ഗോവിന്ദൻ്റെ കുടുംബം.
ഗോവിന്ദൻ്റെ പൗത്രിയുടെ പേര് വിളിയാണ് കോടിയേരി ബാലകൃഷ്ണൻ നടത്തിയത്. കുട്ടിയെ കൈയ്യിലെടുത്ത് താലോലിച്ചാണ് കോടിയേരി ഫിദ ഗോവിന്ദ് എന്ന് ചെവിയിൽ മന്ത്രിച്ചത്. കുട്ടിയുടെ 5ാം മാസത്തിൽ ടി.ഗോവിന്ദൻ്റെ 5ാംചരമ വാർഷികത്തിലാണ് ഗോവിന്ദൻ്റെ ഛായാ ചിത്രത്തിനു മുൻപിൽ വെച്ച് പേരിടൽ ചടങ്ങ് കോടിയേരി നടത്തിയത്. ഈ നിമിഷങ്ങളെ ചിത്രം ഇന്നും ഇവർ നിധി പോലെ കാത്തുസൂക്ഷിക്കുകയാണ്.
ഗോവിന്ദൻ്റെ മകൻ എം. പ്രസാദിനും കുടുംബത്തിനും വലിയൊരാഗ്രഹമായിരുന്നു തങ്ങളുടെ രണ്ടാമത്തെ മകൾക്ക് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തന്നെ പേരുവിളി നടത്തണമെന്നത്. എന്നാൽ, അത് എങ്ങനെ നടപ്പാകുമെന്നൊന്നും പ്രസാദിനും ഭാര്യ പയ്യന്നൂർ കോളജ് അധ്യാപിക വി.കെ.നിഷയ്ക്കും അറിയില്ലായിരുന്നു. എങ്കിലും മകൾക്ക് പേരിടാതെ 5 മാസത്തോളം കുടുംബം കാത്തിരുന്നു.
ഇതിനിടെയാണ് ടി.ഗോവിന്ദൻ്റെ 5ാം ചരമ വാർഷിക ദിനം എത്തിയത്. ഈ പരാപാടി ഉദ്ഘാടനം ചെയ്യാൻ കോടിയേരി ബാലകൃഷ്ണനാണ് എത്തിയത്. വീട്ടിൽ വന്നപ്പോൾ പ്രസാദ് തന്റെ ആഗ്രഹം കോടിയേരിയോട് ധരിപ്പിച്ചു. എങ്ങനെയാണ് പേരിടേണ്ടതെന്ന് കോടിയേരി ചോദിച്ചപ്പോൾ ചടങ്ങുകളൊന്നുമില്ലെന്ന് പ്രസാദ് പറഞ്ഞത് കേട്ട് കോടിയേരി സന്തോഷത്തോടെ 5 മാസം പ്രായമുള്ള കുട്ടിയെ എടുത്ത് ഫിദ ഗോവിന്ദ് എന്ന പേര് വിളിക്കുകയായിരുന്നു.