ഈങ്ങൽപ്പീടികയിലെ ഓണിയൻ സ്കൂളിൽ ആദ്യമായി കെഎസ്എഫിൻ്റെ യൂണിറ്റ് രൂപീകരിച്ച് കോടിയേരി സെക്രട്ടറിപദമേൽക്കുമ്പോൾ, യൂണിറ്റ് പ്രസിഡന്റായിരുന്നു എം എം ശശി. ഏഴാം ക്ലാസു മുതലുള്ള ബന്ധമാണ് ഇരുവരും തമ്മിൽ. ആയിരത്തോളം കുട്ടികൾ പഠിക്കുന്ന സ്കൂളിൽ കെഎസ് യുവിന്റെ സമ്പൂർണാധിപത്യം. കെഎസ്എഫിൻ്റെ കൊടി പിടിക്കാൻ വെറും പതിനാറു പേരുള്ള സംഘം. ആ കുത്തക തകർത്തത് കോടിയേരിയുടെ നേതൃത്വമായിരുന്നു എന്ന് ശശിധരൻ ഓർക്കുന്നു. നേതൃപരമായ പങ്കുവഹിക്കാൻ അസാധ്യമായ കഴിവുകളുള്ള സഖാവ്. ഒറ്റവരിയിൽ കോടിയേരിയെ അങ്ങനെ ആറ്റിക്കുറുക്കുന്നു, അദ്ദേഹത്തെ ഏഴാം ക്ലാസുമുതൽ അറിയുന്ന എം എം ശശിധരൻ.
യൂണിറ്റ് രൂപീകരിച്ച് കൃത്യം രണ്ടാം വർഷം സ്കൂൾ ലീഡറും ചെയർമാൻ സ്ഥാനങ്ങളിലേയ്ക്ക് എസ്എഫ്ഐ വിജയിച്ചു. പിന്നീട് പാർടി ലോക്കൽ കമ്മിറ്റി സെക്രട്ടറിയായ ഗംഗാധരനായിരുന്നു സ്കൂളിലെ ആദ്യത്തെ എസ്എഫ്ഐയുടെ ചെയർമാൻ എന്നാണ് ശശിധരൻ്റെ ഓർമ്മ.
മൂഴിക്കരയിലെ സി എം ബാലൻ, അയ്യത്താൻ ശ്രീധരൻ തുടങ്ങി പതിനാറഉ പേരായിരുന്നു കെഎസ്എഫിന്റെ ആദ്യ പ്രകടനത്തിൽ പങ്കെടുത്തത്. ഈങ്ങൽപ്പീടികയിലെ ദേശീയ വായനശാലയ്ക്ക് മുകളിലുള്ള പാർടി ഓഫീസിലായിരുന്നു യൂണിറ്റ് രൂപീകരണ യോഗം.
സംഘടനാപ്രവർത്തനങ്ങളുടെ ഭാഗമായി സമീപത്തെ മറ്റു സ്കൂളുകളിലേയ്ക്ക് സൈക്കിളിലായിരുന്നു പോയിരുന്നത്. കോടിയേരിയെയും പിന്നിലിരുത്തി സ്കൂളുകളിലേയ്ക്ക് സൈക്കിൾ ചവിട്ടിയ ആ കാലം ഇന്നും ആവേശത്തോടെ ശശിധരൻ ഓർക്കുന്നു.
ഉജ്വലനായ വാഗ്മിയായിരുന്നു അന്നു മുതലേ കോടിയേരി. സാഹിത്യസമാജങ്ങളിലെ സ്ഥിരം പ്രസംഗൻ. വേദിയിലേയ്ക്ക് പേരു വിളിക്കുമ്പോൾത്തന്നെ നിറഞ്ഞ കൈയടി. ശ്രീനാരായണ ഗുരുവിന്റെ ആദർശത്തിൽ വിശ്വസിക്കുന്നവർ തന്നെ കള്ളുഷാപ്പ് ലേലത്തിലെടുത്ത് മദ്യം വിൽക്കുന്നതിനെതിരെ ആഞ്ഞടിച്ചുകൊണ്ട് സ്കൂൾ വിദ്യാർത്ഥിയായിരിക്കെ കോടിയേരി നടത്തിയ പ്രസംഗം ഇന്നും ശശിധരൻ്റെ ഓർമ്മയെ തീപിടിപ്പിക്കുന്നു.