അടിയന്തരാവസ്ഥക്കാലത്ത് അറസ്റ്റിലായതിനുശേഷം ജയിൽ മോചിതനായപ്പോൾ നാടു നൽകിയ സ്വീകരണത്തിൻ്റെ ആവേശം ഇന്നും ഓർമ്മകളെ ഇളക്കി മറിക്കുന്ന അനുഭവമെന്ന് അടുത്ത സുഹൃത്തും അയൽവാസിയുമായ സഖാവ് ജനാർദ്ദനൻ. തടവറയിൽ നിന്നിറങ്ങിയ കോടിയേരിയെ സ്വീകരിക്കാൻ വൻജനാവലിയാണ് തലശേരിയിൽ ഇരമ്പിയെത്തിയത്. അവിടെ നിന്ന് കോടിയേരി വരെ കാൽനടയായി സ്വീകരണജാഥ.
കോളജ് വിദ്യാർത്ഥിയായിരിക്കുമ്പോഴാണ് അറസ്റ്റ്. അന്നദ്ദേഹം എസ്എഫ്ഐയുടെ സംസ്ഥാന സെക്രട്ടറിയാണ്. പക്ഷേ, ഒരു കോളജ് വിദ്യാർത്ഥിയ്ക്കു കിട്ടുന്ന അംഗീകാരമല്ല അദ്ദേഹത്തിന് സമൂഹവും പാർടിയും നൽകിയത്. അത്രമേൽ ആ വ്യക്തിത്വം സമൂഹത്തിൽ അലിഞ്ഞു ചേർന്നിരുന്നു. അടിയുറച്ച പാർടി കേഡറായി നിന്നുകൊണ്ട്, അദ്ദേഹം സമൂഹത്തിൻ്റെയാകെ സ്നേഹവാൽസല്യങ്ങൾ ഏറ്റു വാങ്ങി. പാർടിയിൽ നിന്ന് വേറിട്ടൊരു ജീവിതമുണ്ടായിരുന്നില്ല അദ്ദേഹത്തിന്. പൊതുപ്രവർത്തനം തുടങ്ങിയ കാലം മുതൽ അദ്ദേഹം നാടിന് ഏറ്റവും പ്രിയപ്പെട്ട പൊതുപ്രവർത്തകനായിരുന്നു. രാഷ്ട്രീയത്തിനതീതമായി സ്നേഹാദരവ് ആർജിക്കുന്ന വ്യക്തിത്വത്തിനുടമയായിരുന്നു അദ്ദേഹമെന്ന് ജനാർദ്ദനൻ ഓർമ്മിക്കുന്നു.
ദിനേശ് ബീഡി കമ്പനികൾക്കു നേരെയും തുടർന്ന് പാർടി സഖാക്കൾക്കു നേരെയും ആർഎസ്എസിൻ്റെ ക്രൂരമായ ആക്രമണങ്ങളുണ്ടായ കാലം. അന്ന്, ജനങ്ങളെ അണിനിരത്തി ആക്രമണങ്ങളെ സംഘടനാപരമായും രാഷ്ട്രീയമായും നേരിടുന്നതിൽ നേതൃപരമായ പങ്കുതന്നെയാണ് കോടിയേരിയ്ക്കുണ്ടായിരുന്നത്. പലപ്പോഴും പാർടി ഓഫീസിൽ താമസിച്ചുകൊണ്ടാണ് സഖാവ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.
പാട്യം ഗോപാലൻ്റെ മരണശേഷം നടന്ന 1979ലെ തലശേരി ഉപതെരഞ്ഞെടുപ്പ്. പിണറായിയ്ക്കൊപ്പം കോടിയേരിയ്ക്കും തെരഞ്ഞെടുപ്പു ചുമതല. എം വി രാജഗോപാലൻ മാസ്റ്ററായിരുന്നു പാർടി സ്ഥാനാർത്ഥി. എതിർപക്ഷത്ത് സിപിഐയുടെ കെ ശ്രീധരൻ. തലശേരി സിപിഎമ്മിന്റെ ഉറച്ച കോട്ടയായിരുന്നെങ്കിലും എതിരാളികളെ ഞെട്ടിക്കുന്ന ഭൂരിപക്ഷം നേടാൻ അന്നു കഴിഞ്ഞു. പാട്യം ഗോപാലന് ലഭിച്ച ഭൂരിപക്ഷം ഇരട്ടിയായി. ഏതാണ്ടെല്ലാ വീടുകളിലും നേരിട്ടെത്തിയാണ് കോടിയേരി വോട്ടുറപ്പിച്ചത്. ഈ തെരഞ്ഞെടുപ്പു കഴിഞ്ഞതോടെ മണ്ഡലത്തിലെ അദ്ദേഹത്തിൻ്റെ സ്വീകാര്യത പതിന്മടങ്ങായി. ഏതു വീട്ടിലും കടന്നു ചെല്ലാനുള്ള സ്വാതന്ത്ര്യം. ആരെയും പേരെടുത്തു വിളിക്കാവുന്ന പരിചയം.
1982ൽ ആദ്യമായി മത്സരിക്കാനിറങ്ങുമ്പോഴേയ്ക്കും തലശേരിയിലാകെ സൗഹൃദവലയമുള്ള തലയെടുപ്പുള്ള പാർടി നേതാവായി സഖാവ് മാറിക്കഴിഞ്ഞിരുന്നു. മികച്ച ഭൂരിപക്ഷത്തിൽത്തന്നെ ആ തെരഞ്ഞെടുപ്പും ജയിച്ചു. അതോടെ എതിരാളികൾക്കും വാശിയായി. 1987ലെ തെരഞ്ഞെടുപ്പിൽ അഖിലേന്ത്യാ ലീഗ് ഇടതുമുന്നണി വിട്ടു. തലശേരിയിലെ പ്രമാണിയായ നേതാവ് ചെറിയ മമ്മുക്കേയിയെപ്പോലുള്ളവർ മറുവശത്തായി. യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് ഇന്നത്തെ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. കോടിയേരിയെ തോൽപ്പിച്ചേ അടങ്ങൂ എന്ന വാശിയുമായി യുഡിഎഫ് അരയും തലയും മുറുക്കി രംഗത്ത്. പക്ഷേ, വിജയം കോടിയേരിയ്ക്കായിരുന്നു.
അടിയുറച്ച കേഡറായി നിന്നുകൊണ്ട് സംഘടന കെട്ടിപ്പെടുക്കുമ്പോഴും പൊതുപ്രവർത്തകനെന്ന നിലയിൽ സർവസ്വീകാര്യനായി തലശേരിയിൽ വളരുകയായിരുന്നു സഖാവ് കോടിയേരി.