സിപിഐ സംസ്ഥാന സെക്രട്ടറിയായി വീണ്ടും കാനം രാജേന്ദ്രൻ. മൂന്നാം തവണയാണ് കാനം രാജേന്ദ്രൻ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുന്നത്. പുതിയ സംസ്ഥാന കൗൺസിൽ യോഗമാണ് കാനത്തെ തെരഞ്ഞെടുത്തത്. സെക്രട്ടറി സ്ഥാനത്തേക്ക് മത്സരമുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഐക്യകണ്ഠേനയാണ് കാനം തെരഞ്ഞെടുക്കപ്പെട്ടത്. കെ.ഇ ഇസ്മായീലാണ് കാനം രാജേന്ദ്രൻ്റെ പേര് സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് നിർദേശിച്ചത്.
എൻ.ഇ. ബലറാം, പി.കെ വാസുദേവൻ നായർ എന്നിവരാണ് ഇതിന് മുമ്പ് മൂന്ന് തവണ സിപിഐ സംസ്ഥാന സെക്രട്ടറിയായി തുടർച്ചയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. 101 അംഗ സംസ്ഥാന കൗൺസിലിനേയും തിരഞ്ഞെടുത്തു. കോട്ടയം സമ്മേളനത്തിലാണ് കാനം ആദ്യമായി സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്. പന്ന്യൻ രവീന്ദ്രൻ്റെ പിൻഗാമിയായാണ് കാനം സെക്രട്ടറി സ്ഥാനത്തെത്തിയത്. അതിന് ശേഷം മലപ്പുറത്ത് നടന്ന സമ്മേളനത്തിലും ഇപ്പോൾ തിരുവനന്തപുരം സംസ്ഥാന സമ്മേളത്തിലും അദ്ദേഹത്തെ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കുകയായിരുന്നു.
അതേസമയം എഴുപത്തിയഞ്ച് വയസെന്ന പ്രായപരിധിയും സിപിഐയിൽ നടപ്പിലായി. ഇതോടെ സംസ്ഥാന കൗൺസിലിൽ നിന്ന് സി ദിവാകരനും കെ ഇ ഇസ്മായിലും പുറത്തായി. സെൻട്രൽ എക്സിക്യൂട്ടീവ് അംഗമെന്ന നിലയിൽ പാർട്ടി കോൺഗ്രസ് കഴിയും വരെ കെ ഇ ഇസ്മൈലിന് തുടരാം.