ആ റീത്തുവെയ്ക്കുമ്പോൾ അവരുടെ നെഞ്ചിൽ ഓർമ്മകളുടെ തീ പടരുകയായിരുന്നു. കുഞ്ഞുന്നാളുമുതൽ ഒന്നിച്ചു കളിച്ചു വളർന്നവർ. ഒന്നിച്ചൊരേ ബെഞ്ചിലിരുന്നവർ. ഒരുമിച്ച് കെഎസ്എഫ് രൂപീകരിച്ചവർ… ഓണിയൻ സ്കൂളിലെ കോടിയേരിയുടെ കളിക്കൂട്ടുകാർ. എംഎം ശശിയും ഷറഫുദ്ദീനും അക്കാളി ജയരാജനും രമേശനും രാധാകൃഷ്ണനും സി എസ് സുധാകരനുമടങ്ങുന്ന കുട്ടിക്കാലത്തെ കോടിയേരിയുടെ ടീം.
അടിമുടി പാർടി ഗ്രാമത്തിലാണവർ പിറന്നതും വളർന്നതും. കോടിയേരി ബാലകൃഷ്ണനെന്ന ഉൾക്കരുത്തുള്ള സംഘാടകൻ്റെ വളർച്ചയുടെ നാൾവഴികലേയ്ക്കുള്ള യാത്ര ചെന്നുനിൽക്കുന്നത് ഈങ്ങൽപ്പീടികയെന്ന നാട്ടിലും ഈ കൂട്ടുകാരിലുമാണ്. എല്ലാ വിദ്യാലയങ്ങളിലെയും കുട്ടികൾക്ക് പറയാനുള്ള കുറേ ഓർമ്മകൾ അവരിലുമുണ്ട്. ഒന്നിച്ച് നാടകം കളിച്ചത്, സ്കൂൾ യൂത്തു ഫെസ്റ്റിവെൽ സംഘടിപ്പിച്ചത്, സാഹിത്യസമാജത്തിൻ്റെ വേദികളിൽ ചുവടുറച്ചത്…. അതൊക്കെ എല്ലാവർക്കും പങ്കുവെയ്ക്കാനുള്ള ഓർമ്മകൾ.
പക്ഷേ, ഈ ടീം വ്യത്യസ്തമാകുന്നത് അവർ വളർന്നത് ഈങ്ങൽപ്പീടികയിലായതുകൊണ്ടു കൂടിയാണ്. പി പി അനന്തനെന്ന ധീരരക്തസാക്ഷിയുടെ സ്മാരകമായി തലയുയർത്തി നിൽക്കുന്ന വായനശാലയായിരുന്നു അവരുടെ താവളം. ചുവന്ന കൊടിയുടെ തലയെടുപ്പുള്ള ഗ്രാമാന്തരീക്ഷം. ഒരു രണ്ടു കിലോമീറ്റർ ചുറ്റളവിനുള്ളിലാണ്, കേരളം കണ്ട ഏറ്റവും സമർത്ഥനായ സംഘാടകൻ സി എച്ച് കണാരൻ ജനിച്ചതും വളർന്നതും. അവിടെ വീശുന്ന കാറ്റിനുപോലും രാഷ്ട്രീയവിദ്യാഭ്യാസ നൽകാനുള്ള കരുത്തും കഴിവുമുണ്ട്.
പാർടി ഗ്രാമങ്ങൾ വ്യത്യസ്തമാകുന്നത് ഇങ്ങനെയൊക്കെയാണ്. കുട്ടികൾക്ക് രാഷ്ട്രീയ വിദ്യാഭ്യാസം നൽകാൻ ബദ്ധശ്രദ്ധരായ മുതിർന്ന സഖാക്കൾ. കോടിയേരിയ്ക്കും കിട്ടി, കാട്ടൂർ ജയരാജനെന്ന അതികായനായ സഖാവിൻ്റെ തുണയും പിൻബലവും. കുട്ടിസഖാക്കൾക്ക് രാഷ്ട്രീയപ്രവർത്തനത്തിൽ കരുത്തു പകർന്ന് ഉശിരന്മാരായ ബീഡിത്തൊഴിലാളികൾ. വായനയെ പ്രോത്സാഹിപ്പിച്ച ഗ്രന്ഥശാലാ പ്രവർത്തകർ.
പ്രതികരിച്ചു വളരാനുള്ള അങ്കത്തട്ടായിരുന്നു ഓണിയൻ സ്കൂൾ. ഭദ്രമായ ക്ലാസ് മുറികളില്ലാത്തതും ലാബും ഗ്രൌണ്ടുമില്ലാത്തതും ആവശ്യത്തിന് ബെഞ്ചും ഡെസ്കുമില്ലാത്തതുമൊക്കെ നിർഭയരായി ചോദ്യം ചെയ്താണ് കോടിയേരിയും കൂട്ടുകാരും വളർന്നത്. അവകാശങ്ങൾക്കു വേണ്ടി ശബ്ദമുയർത്താനുള്ള കരുത്ത് സ്കൂൾ കാലത്തു തന്നെ അവർ നേടിയിരുന്നു. ഒമ്പതാം ക്ലാസിലെ ഡെപ്യൂട്ടി ലീഡറായിരുന്നു കോടിയേരി.
സ്കൂളിനുള്ളിലെ സംഘടനാപ്രവർത്തനങ്ങളെ നിർദ്ദാക്ഷിണ്യം നേരിട്ടു, അന്നത്തെ ഹെഡ്മാസ്റ്ററായിരുന്ന കരുണാകരൻ മാസ്റ്റർ. പക്ഷേ, പിറന്ന മണ്ണിൻ്റെ ഗുണമുള്ള പിള്ളേർ അതൊന്നും വകവെച്ചതേയില്ല.
ഹെഡ്മാസ്റ്ററുടെ നടപടികൾക്കെതിരെ അവർ ബ്രണ്ണൻ കോളജിലെ മുതിർന്ന വിദ്യാർത്ഥികളായ സി പി അബൂബേക്കറെയും എ കെ ബാലനെയും സ്കൂളിനു മുന്നിൽ കൊണ്ടുവന്നു പ്രസംഗിപ്പിച്ചു. അബൂബേക്കർ അന്ന് ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയാണ്. എ കെ ബാലൻ പ്രീഡിഗ്രിക്കാരനും.
ഹെഡ്മാസ്റ്ററുടെ ചൂരലിനെയും കൽപനകളെയും കൂസാതെ ഓണിയൻ സ്കൂളിലെ സംഘടനാപ്രവർത്തനം മുന്നോട്ടു പോയി. അനീതിയെ എതിർക്കുക, ദുരധികാരത്തിന് വഴങ്ങാതിരിക്കുക തുടങ്ങിയ ജന്മഗുണങ്ങൾ പിറന്ന മണ്ണിൻ്റെ സൃഷ്ടിയാണ്. രക്തസാക്ഷികളുടെ ചോരവീണു നനഞ്ഞ മണ്ണിൽ പുറന്തോടു പൊട്ടിക്കിളിർക്കുന്ന ഏതു വിത്തിനും പാരമ്പര്യമായി കിട്ടുന്ന ഗുണം.
അത് കോടിയേരിയ്ക്ക് ആവോളം കിട്ടിയിട്ടുണ്ടെന്ന കാര്യത്തിൽ കളിക്കൂട്ടുകാർക്ക് തെല്ലുമില്ല സംശയം. പക്ഷേ, അതിനൊപ്പം അദ്ദേഹം സ്വായത്തമാക്കിയ വേറൊരു ഗുണവുമുണ്ടായിരുന്നു.
അവർ ഒരു വാചകത്തിൽ അതിങ്ങനെ പറഞ്ഞു…. “എല്ലാവർക്കും ക്ഷമ നഷ്ടപ്പെടുമ്പോഴും കോടിയേരിയിൽ ക്ഷമ ബാക്കിയുണ്ടാകും”.
ശരിയാണത്. തൻ്റെ കലർപ്പില്ലാത്ത ഉൾക്കരുത്ത്, ക്ഷമയുടെയും സമചിത്തതയുടെയും ചൈതന്യത്തോടെ പ്രസരിപ്പിച്ച നേതാവാണ് കോടിയേരി.
മകനു വേണ്ടി കോടിയേരിക്ക് റീത്ത് സമര്‍പ്പിച്ച് രക്തസാക്ഷി ധീരജിൻ്റെ കുടുംബം