കണ്ണൂർ: രാഷ്ട്രീയ ജീവിതവും പാർട്ടിയും നെഞ്ചിലേറ്റിയതു പോലെ തന്നെയായിരുന്നു കോടിയേരി ബാലകൃഷ്ണന് തൻ്റെ പങ്കാളി വിനോദിനിയും. വീട്ടുകാർ പറഞ്ഞുറപ്പിച്ച പോലെയൊരു വിവാഹമായിരുന്നില്ല കോടിയേരിയുടേത്. അതിൻ്റെ അകത്തളങ്ങളിൽ ആഴത്തിൽ ഊഴ്ന്നിറങ്ങിയ ഒരു പ്രണയമുണ്ടായിരുന്നു. ന്യൂജനറേഷൻ കാലത്ത് പറഞ്ഞാൽ അറേഞ്ച്ഡ്-പ്രണയ വിവാഹം. അക്ഷരാർത്ഥത്തിൽ കോടിയേരി ബാലകൃഷ്ണൻ്റെ ശ്വാസം കൂടിയായിരുന്നു വിനോദിനി.
ഇന്ന് തൻ്റെ പ്രിയതമയെ തനിച്ചാക്കി യാത്രയായിരിക്കുകയാണ് കോടിയേരി. ഇപ്പോൾ വിനോദിനിക്ക് ബാക്കിയാകുന്നത് പഴയ കാല നല്ല നിമിഷങ്ങൾ മാത്രമാവുകയാണ്. വീട്ടിൽ നിന്ന് വെറും ഒരുകിലോമീറ്റർ അകലെ നിന്നായിരുന്നു കോടിയേരി വിനോദനിയെ ജീവിതത്തിലേയ്ക്ക് കൈപിടിച്ചു കയറ്റിയത്. ഇരുവീട്ടുകാരും നല്ല സൗഹൃദമാണ് കാത്തുസൂക്ഷിച്ചിരുന്നത്.
ഈ അടുപ്പം തന്നെയാണ് ഇരുവരെയും പ്രണയത്തിലേയ്ക്ക് തള്ളിയിട്ടതും. കൂടാതെ, കോടിയേരിയുടെ രാഷ്ട്രീയ ഗുരുവും തലശ്ശേരി എംഎൽഎയായിരുന്ന സിപിഎം നേതാവ് എം വി രാജഗോപാലൻ്റെ മകളായിരുന്നു വിനോദിനി. തൻ്റെ പ്രിയ ശിഷ്യനെ രാജഗോപാലനും വലിയ കാര്യമായിരുന്നു.
ശിഷ്യന് മകളോട് പ്രിയമുണ്ടെന്നറിഞ്ഞതോടെ രാജഗോപാലനും മറ്റ് എതിർപ്പുകൾ ഉണ്ടായിരുന്നില്ല. പ്രിയപ്പെട്ടവന് മരുമകനായി എത്തുന്ന സന്തോഷമാണ് രാജഗോപാലനിൽ പ്രകടമായത്. അതുകൊണ്ടുതന്നെ കോടിയേരിയുടെയും വിനോദിനിയുടെയും വിവാഹത്തിനു മുന്നിൽ മറ്റ് തടസ്സങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല. പാർട്ടിയിലും സന്തോഷം തന്നെയായിരുന്നു. തുടർന്ന് കോടിയേരിയും വിനോദിനിയും 1980ൽ വിവാഹിതരായി.
വിവാഹ സമയം കോടിയേരി ഡിവൈഎഫ്‌ഐ കണ്ണൂർ ജില്ലാ പ്രസിഡന്റായിരുന്നു. തലശ്ശേരി ടൗൺ ഹാളിൽ അന്നത്തെ സിപിഎം ജില്ലാ സെക്രട്ടറി എ വി കുഞ്ഞമ്പുവിൻ്റെ കാർമികത്വത്തിലായിരുന്നു പാർട്ടി രീതിയിൽ ലളിതമായ ചടങ്ങ് നടത്തിയത്. ഒരു രക്തഹാരം അങ്ങോട്ടും ഒരു രക്തഹാരം ഇങ്ങോട്ടും ചാർത്തി ഇരുവരും പുതിയ ജീവിതത്തിലേയ്ക്ക് കടന്നു. അവിടെ മുതൽ ഇങ്ങോട്ട് താങ്ങും തണലുമായി വിനോദിനി ഒപ്പം തന്നെയുണ്ടായിരുന്നു.