അന്തരിച്ച സിപിഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ്റെ നിര്യാണത്തിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അനുശോചിച്ചു. കോടിയേരി ബാലകൃഷ്ണൻ ഉറച്ച കമ്യൂണിസ്റ്റും നിർഭയനായ പോരാളിയുമായിരുന്നുവെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അനുസ്മരിച്ചു. അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങൾക്കായും ചൂഷണരഹിതമായ സമൂഹം കെട്ടിപ്പടുക്കാനുമായും കോടിയേരി അചഞ്ചലം പടവെട്ടി.
ദീർഘകാല സഖാവെന്ന് കോടിയേരിയെ വിശേഷിപ്പിച്ച യെച്ചൂരി, അദ്ദേഹത്തിൻ്റെ സൗഹാർദപരമായ പെരുമാറ്റവും പക്ഷപാതരഹിതമായ സമീപനവും പല പ്രതിസന്ധികളെയും അതിജീവിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചുവെന്നും അനുശോചന സന്ദേശത്തിൽ പറഞ്ഞു. എല്ലാത്തരം ഭിന്നിപ്പുകൾക്കെതിരെയും വർഗീയതയ്ക്കെതിരെയും വിട്ടുവീഴ്ചയില്ലാതെ പോരാടിയ കോടിയേരിയുടെ വിയോഗത്തിൽ യെച്ചൂരി അഗാധ ദു:ഖം രേഖപ്പെടുത്തി.