കോടിയോരി ബാലകൃഷ്ണൻ്റെ വിയോഗത്തിൽ പാർട്ടിയും അണികളും തളർന്നിരിക്കുകയാണ്. ഈ വിയോഗം താങ്ങാൻ കഴിയുന്നതിലും അപ്പുറമാണെന്നാണ് ഓരോരുത്തരും പറയുന്നത്. അത്രമേൽ ജനങ്ങളെ ഇഷ്ടപ്പെടുകയും അവരോടൊപ്പം നിന്നിരുന്ന വ്യക്തിയായിരുന്നു സിപിഎമ്മിൻ്റെ ചിരിക്കുന്ന മുഖമായ കോടിയേരി ബാലകൃഷ്ണൻ. ഇപ്പോൾ, കോടിയേരിയുടെ വിയോഗത്തിൽ ഏറെ വേദനയിലാണ് 24 വർഷമായി ഇടവും വലവുമായി കോടിയേരിക്കൊപ്പം നിന്നിരുന്ന ഗൺമാൻ കെഎം ശശീന്ദ്രൻ.
സുരക്ഷാ ഉദ്യോഗസ്ഥൻ എന്നതിനപ്പുറം സഹോദരനെ പോലെയാണ് കണ്ടിരുന്നതെന്ന് അദ്ദേഹം നിറകണ്ണുകളോടെ ഓർക്കുന്നു. 24 വർഷം മുൻപ് ഡ്യൂട്ടിയിൽ ചേരുന്ന സമയത്ത് അദ്ദേഹം തന്നോട് പറഞ്ഞത് ഒറ്റകാര്യം മാത്രമായിരുന്നു, വരുന്ന ആളുകളോട് മാന്യമായി പെരുമാറണം എന്ന് മാത്രമാണെന്നും ഈ വാക്കുകൾ താൻ നെഞ്ചിലേറ്റിയിട്ടുണ്ടെന്നും ശശീന്ദ്രൻ പറയുന്നു.
ശശീന്ദ്രൻ്റെ വാക്കുകൾ;
24 വർഷം മുൻപ് ഡ്യൂട്ടിയിൽ ചേരുന്ന സമയത്ത് അദ്ദേഹം തന്നോട് പറഞ്ഞത് ഒറ്റകാര്യം മാത്രമായിരുന്നു വരുന്ന ആളുകളോട് മാന്യമായി പെരുമാറണം. നല്ല നിലയിൽ അവരുമായി ഇടപഴകണം ഈ വാക്കുകൾ കാത്തുസൂക്ഷിക്കാൻ അദ്ദേഹത്തോടൊപ്പമുള്ള സമയത്ത് സാധിച്ചിട്ടുണ്ട്. ചിരിച്ചുകൊണ്ട് മാത്രമേ അദ്ദേഹം ഇപ്പോഴും സംസാരിച്ചിട്ടുള്ളൂ.
സുരക്ഷയുടെ ഭാഗമായി ആൾക്കൂട്ടത്തിനിടയിൽ അദ്ദേഹം പോകുമ്പോൾ ആ ജനസഞ്ചയത്തെ നിയന്ത്രിക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമായിരുന്നില്ല. പലപ്പോഴും അത്തരത്തിലുള്ള സാഹചര്യങ്ങൾ സുരക്ഷയുടെ ഭാഗമായി നടത്തേണ്ടി വരുമ്പോൾ അദ്ദേഹം വളരെ സ്നേഹത്തോടെ ഞങ്ങളെ മാറ്റി നിർത്തി ശാസിക്കുമായിരുന്നു.
ജനങ്ങളുടെ അടുത്ത് നിന്നും ഞങ്ങളെ മാറ്റരുത്. കാരണം ആ ജനങ്ങളാണ് ഞങ്ങളെ ഉണ്ടാക്കിയത്. ജനങ്ങളുടെ ഇടയിലാണ് ഞങ്ങൾ എന്ന് കോടിയേരി പറയുമായിരുന്നു. ഓരോ ജില്ലയിൽ പോകുമ്പോഴും പരിഹരിക്കേണ്ടതായ ഒരു കെട്ട് നിവേദനങ്ങൾ ആണ് അദ്ദേഹത്തിന് ലഭിക്കുന്നത്. ഇതെല്ലാം അദ്ദേഹം തിരുവനന്തപുരത്തേക്ക് മടങ്ങി വരുമ്പോൾ ഈ ഓരോ നിവേദനത്തെ കുറിച്ചും അദ്ദേഹം ഓർക്കുമായിരുന്നു. അത്ര ശ്രദ്ധയായിരുന്നു അദ്ദേഹത്തിന്.
കോടിയേരി സഖാവ് ആഭ്യന്തര മന്ത്രിയായിരിക്കെ റോഡ് വഴി യാത്രചെയ്യുന്ന സമയത്ത് നിരവധി അപകടങ്ങൾ കാണാറുണ്ട്. ആ സമയത്ത് വണ്ടി അവിടെ നിർത്താൻ ആവശ്യപ്പെടുകയും അവിടെ ഇറങ്ങി അതെ വണ്ടിയിൽ തന്നെ അവരെ ആശുപത്രിയിൽ എത്തിക്കാനും അദ്ദേഹം ശ്രമിച്ചിട്ടുണ്ട്. അദ്ദേഹം എന്നും ഞങ്ങൾക്ക് തന്നിട്ടുള്ളത് നല്ലൊരു ആത്മവിശ്വാസമായിരുന്നു. ഈ വിയോഗം ഒരിക്കലും പൊരുത്തപ്പെടാനോ താങ്ങാനോ കഴിയാത്തതാണ്.