കേരള ജനതയ്ക്കും കേരളത്തിലെ പോലീസുകാർക്കും ഒരിക്കലും മറക്കാൻ കഴിയാത്ത ആഭ്യന്തരമന്ത്രിയായിരുന്നു കോടിയേരി ബാലകൃഷ്ണനെന്ന് മുൻ ഡിജിപി ജേക്കബ് പുന്നൂസ്. കോൺസ്റ്റബിൾ ആയിച്ചേർന്ന ഭൂരിഭാഗം പോലീസുകാരും 30 വർഷം സേവനം ചെയ്തു കോൺസ്റ്റബിൾ ആയിത്തന്നെ റിട്ടയർചെയ്യുന്ന പരിതാപകരമായ അവസ്ഥയിൽ നിന്നു യോഗ്യരായവർക്കെല്ലാം 15 കൊല്ലത്തിൽ HC റാങ്കും 23 കൊല്ലത്തിൽ ASI റാങ്കും ഇന്ത്യയിൽ ആദ്യമായി നൽകിയ വ്യക്തിയാണ് കൊടിയേരിയെന്നും ജേക്കബ് പുന്നൂസ് ഫേസ്ബുക്കിൽ കുറിച്ചു.
അദ്ദേഹം നടപ്പാക്കിയ ജനമൈത്രി പോലീസുവഴി പോലീസുകാർ കുടുംബമിത്രങ്ങളായും, സ്റ്റുഡന്റ് പോലീസ് കേ ഡറ്റ് പദ്ധതി വഴി പോലീസുകാർ കുട്ടികൾക്ക് അധ്യാപകരായും അധ്യാപകർ സ്കൂളിലെ പോലീസ് ഉദ്യോഗസ്ഥരും ആയും മാറി. കേരളത്തിലെ ആയിരക്കണക്കിന് എക്സ്സർവീസുകാരെ ഹോംഗാർഡുകളാക്കി പോലീസിൻ്റെയും നാട്ടുകാരുടെയും സഹായികളാക്കി. കേരളത്തിൽ ആദ്യമായി തണ്ടർബോൾട് കമാൻഡോ ഉള്ള ബറ്റാലിയനും തീരദേശ പോലീസും കടലിൽ പോകാൻ പോലീസിന് ബോട്ടുകളും മത്സ്യത്തൊഴിലാളികൾ ഉൾപ്പെടുന്ന തീരദേശ ജാഗ്രത സമിതികളും അദ്ദേഹമാണ് സ്ഥാപിച്ചത്. ശബരിമലയിൽ വെർച്വൽ ഡിജിറ്റൽ ക്യൂ തുടങ്ങാനും ആദ്ദേഹം പച്ചക്കൊടി കാട്ടി.
ഇന്ന് പോലീസിനെ വിളിക്കുന്ന സിവിൽപോലീസ് ഓഫീസർ എന്ന വിളിപ്പേര് പോലീസിനു നൽകിയത് കോടിയേരിയാണ്. ഇന്ത്യയിലെ ഏറ്റവും സമഗ്രവും ജനാധിപത്യപരവൂമായ പോലീസ് ആക്ട് നിയമസഭയിൽ അവതരിപ്പിച്ചതും നടപ്പാക്കിയതും മറ്റാരുമല്ല. എല്ലാ പോലീസ് സ്റ്റേഷനിലും കമ്പ്യൂട്ടർ നൽകി, എല്ലാ പോലീസ് സ്റ്റേഷനിലും ഇന്റർനെറ്റ് കണക്ഷൻ നൽകി, പോലീസിൻ്റെ കമ്പ്യൂട്ടർവത്കരണം ജനങ്ങൾക്ക് അനുഭവ വേദ്യമാക്കിയതും അദ്ദേഹം. ട്രാഫിക് ബോധവൽക്കരണത്തിന്, ഒരു പക്ഷേ ലോകത്തിൽ ആദ്യമായി, ഒരു Mascot. “പപ്പു സീബ്ര ” കേരളത്തിൽ ഉടനീളം കുട്ടികളുടെ ഇഷ്ടതോഴനായതും അദ്ദേഹം വഴി.
മൊബൈൽഫോൺ എന്നത് സീനിയർ ഉദ്യോഗസ്ഥരുടെ വിലപ്പെട്ട സ്വകാര്യ അഭിമാനമായിരുന്ന 2009ൽ, ഇന്ത്യയിൽ ആദ്യമായി,സ്റ്റേഷനുകളിൽ ജോലി എടുക്കുന്ന പോലീസുകാർക്ക് സർക്കാർ ചെലവിൽ ഔദ്യോഗിക മൊബൈൽ കണക്ഷൻ നൽകിയതും ഇദ്ദേഹമാണെന്നത് പ്രത്യേകം ഓർക്കുന്നു. അതേസമയം അച്ചടക്കം പാലിപ്പിക്കുന്നതിലും തെറ്റ് ചെയ്യുന്നവരെ ശിക്ഷിക്കുന്നതിലും അദ്ദേഹത്തിന് യാതൊരു ചാഞ്ചല്യവും ഇല്ലായിരുന്നു താനും. പോലീസിൻ്റെ പെരുമാറ്റവും സേവന നിലവാരവും ആത്മാഭിമാനവും അച്ചടക്കവും ഉയർത്തുന്നതിൽ അതുല്യമായ സംഭാവന നൽകിയ വ്യക്തിയാണ് നമ്മെവിട്ടുപോയത്. വലിയ ദുഃഖം ആണ് എനിക്കീവേർപാട് എന്നും ജേക്കബ് പുന്നൂസ് കുറിച്ചു.