കരുനാഗപ്പള്ളിയിലെ ഓഫീസ് പിഎഫ്ഐ പരിശീലന കേന്ദ്രമായിരുന്നെന്ന് പോലീസ്. ആറ് മാസങ്ങൾക്ക് മുൻപ് പുതിയ കാവിലെ പിഎഫ്ഐ കേന്ദ്രത്തിൽ പോലീസ് റെയ്ഡ് നടത്തിയതിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നു. സംസ്ഥാന ഭീകര വിരുദ്ധ സ്ക്വാഡിൻ്റെ നിർദേശപ്രകാരമായിരുന്നു റെയ്ഡ്. റെയ്ഡ് നടക്കുന്ന സമയത്ത് കേന്ദ്രത്തിൽ ഇരുന്നൂറിലധികം പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പരിശീലനം നടത്തുന്നുണ്ടായിരുന്നു. ഇതിൽ സംസ്ഥാനത്തിന് പുറത്തുനിന്നുള്ള പ്രവർത്തകരും ഉണ്ടായിരുന്നു. ഈ പോപ്പുലർ ഫ്രണ്ട് കേന്ദ്രത്തെ കുറിച്ച് പോലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.
അതേസമയം പുതിയ കാവിലെ പോപ്പുലർ ഫ്രണ്ട് കേന്ദ്രം വെള്ളിയാഴ്ച സീൽ ചെയ്തിരുന്നു. കൊച്ചിയിൽനിന്ന് എത്തിയ രണ്ടംഗ എൻഐഎ സംഘവും കേരളാ പോലീസും രാത്രി ഏഴര കഴിഞ്ഞ് വെവ്വേറെ പൂട്ടി സീൽവയ്ക്കുകയായിരുന്നു. ഓഫീസ് തുറക്കാനോ കൈമാറ്റത്തിനോ വിൽക്കാനോ ശ്രമിക്കരുതെന്നും എൻഐഎ സംഘം നിർദേശംനൽകി. കരുനാഗപ്പള്ളി എസ് പി വി എസ് പ്രദീപ്കുമാർ, സി ഐ ജയകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പോലീസ് നടപടികൾ. തഹസിൽദാർ പി ഷിബു, ഡെപ്യൂട്ടി തഹസിൽദാർ അനീഷ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു എൻഐഎ അധികൃതർ ഓഫീസ് ചെയ്തത്.
പോപ്പുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ സത്താറിനെ കഴിഞ്ഞ ദിവസം ഇതേ ഓഫീസിൽ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് ഇയാളെ എൻഐയ്ക്ക് കൈമാറുകയായിരുന്നു. എൻഐഎ കോടതിയിൽ ഹാജരാക്കിയ അബ്ദുൽ സത്താറിനെ ഒക്ടോബർ ഇരുപത് വരെ റിമാൻഡ് ചെയ്തിരുന്നു.