ജീവിത യാത്രയുടെ പല അവസരങ്ങളിലും നമ്മൾ പലരെയും കണ്ടുമുട്ടാറുണ്ട്. തിരക്കേറിയ ജീവിതത്തിൽ പലരെയും കണ്ടിട്ടും കണ്ടില്ലെന്ന് നടിച്ച് നാം മുൻപോട്ട് പോകാറുണ്ട്. ജീവിക്കാൻ വഴിയില്ലാതെ നമുക്ക് മുൻപിൽ കൈ നീട്ടുന്നവരും ഇക്കൂട്ടത്തിൽപ്പെടും. ഭിക്ഷയാചിക്കുന്നവൻ്റെ മുഖം പോലും നോക്കാതെയായിരിക്കും ഇല്ലെന്ന മട്ടിൽ നമ്മൾ കൈമലർത്തി പലരെയും പറഞ്ഞു വിടുന്നത്. എന്നാൽ അവശതകളെ തരണം ചെയ്ത് പണിയെടുത്ത് ജീവിക്കുന്നവരും നമുക്കിടയിലുണ്ട്.
വസ്ത്രധാരണത്തിൻ്റെ പേരിലും മറ്റും ഇത്തരക്കാരെയും പലരും മാറ്റിനിർത്താറുണ്ട്. പക്ഷേ, തൻ്റെ എല്ലാ തിരക്കുകളും മാറ്റിവെച്ച് ഒരു പെൺകുട്ടി പൂക്കച്ചവടം നടത്തുന്ന ഒരു വയോധികയ്ക്ക് അരികിൽ എത്തും. ദിവസവും മുല്ലപ്പൂ വാങ്ങിക്കും. ആവശ്യമില്ലെങ്കിൽ പോലും ആ മുത്തശ്ശിയുടെ കൈകളിൽ നിന്ന് പൂ വാങ്ങിയ ശേഷമാണ് ആ പെൺകുട്ടി മടങ്ങുന്നത്. ഇത് പ്രായത്തിൻ്റെ അവശതകൾ മറന്ന് പൂക്കച്ചവടം ചെയ്ത് ഉപജീവന മാർഗം കണ്ടെത്തുന്ന വയോധികയ്ക്ക് സഹായമാകുമല്ലോ എന്നോർത്ത് ചെയ്യുന്നതാണ്.
ഇത്തരത്തിൽ ചെയ്യുന്നവർ അനവധിയുണ്ടാകാം, പക്ഷേ ഒരു ദിവസം മുല്ലപ്പൂ വാങ്ങിയപ്പോൾ ഈ പെൺകുട്ടി ആ മുത്തശ്ശിക്ക് ഒരു സമ്മാനം നൽകി. അത് നാളിത്രയും അവർ കഴിക്കാതെ ഇരുന്ന ഒരു ഭക്ഷണമായിരുന്നു. ആ സമയം, അവരുടെ മുഖത്ത് വിരിഞ്ഞ സന്തോഷം ചെറുതായിരുന്നില്ല. മനസ് നിറയ്ക്കുന്ന ഈ വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. അതേസമയം, ഈ പെൺകുട്ടിയുടെ പേരോ വിവരങ്ങളോ ഒന്നും തന്നെ ലഭ്യമല്ല.
ഇതുവരെ രുചിക്കാത്ത ഭക്ഷണം രുചിക്കുമ്പോൾ, ആദ്യമായി ഒരു കുട്ടി ഭക്ഷണം കഴിക്കുമ്പോൾ ഉണ്ടാകുന്ന അതേ സന്തോഷമാണ് ഈ വയോധികയുടെയും മുഖത്ത് വിരിയുന്നതെന്നാണ് സോഷ്യൽമീഡിയയും പറയുന്നത്. എത്ര തിരക്കിനിടയിലും ഇതുപോലെ ഒരു സ്നേഹവും കരുതലും കാണിച്ച നല്ല മനസിൻ്റെ ഉടമയായ പെൺകുട്ടിയെ വാഴ്ത്തുകയാണ് സൈബർ ലോകം. വീഡിയോ തരംഗമാവുകയാണ്.