രാജ്യത്ത് നിരോധിച്ച പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ സത്താറിനെ കസ്റ്റഡിയിൽ വാങ്ങാൻ എൻഐഎ. പോപ്പുലർ ഫ്രെണ്ടിനെതിരെ രജിസ്റ്റർ ചെയ്ത രാജ്യവിരുദ്ധ പ്രവർത്തങ്ങളുടെ കേസിൽ കൂടുതൽ അന്വേഷണങ്ങൾക്കും തെളിവെടുപ്പുകൾക്കുമായാണ് അബ്ദുൾ സത്താറിനെ കസ്റ്റഡിയിൽ വാങ്ങുന്നത്.
പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ നടത്തിയ റെയ്‌ഡിൽ ഒളിവിൽ പോയിരുന്ന അബ്ദുൾ സത്താറിനെ കഴിഞ്ഞ ബുധനാഴ്ച പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ശേഷം പോലീസ് ഇയാളെ എൻഐഎക്ക് കൈമാറി. തുടർന്ന് കൊച്ചിയിലെ പ്രത്യേക എൻഐഎ കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഒക്ടോബർ ഇരുപത് വരെ റിമാൻഡ് ചെയ്തിരുന്നു. പ്രതിയെ കാക്കനാട് ജില്ലാ ജയിലേക്കാണ് മാറ്റിയിരുന്നത്. ഒളിവിലുള്ള പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി കെ എ റൗഫ് കീഴടങ്ങുമെന്നും സൂചനയുണ്ട്.
അതേസമയം പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ നടന്ന അക്രമ സംഭവങ്ങളിൽ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൾ സത്താറിനെ കേരളത്തിലെ മുഴുവൻ കേസുകളിലും പ്രതിചേർക്കും. ഇതുസംബന്ധിച്ച് കഴിഞ്ഞ ദിവസം ഹൈക്കോടതി സംസ്ഥാന സർക്കാരിന് നിർദേശം നൽകിയിരുന്നു. മിന്നൽ ഹർത്താൽ നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി പിഎഫ്ഐക്കെതിരെ ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് നടപടി.
പിഎഫ്ഐ ഹർത്താൽ ആക്രമണങ്ങൾ; മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയെ മുഴുവൻ കേസിലും പ്രതിചേർക്കണമെന്ന് ഹൈക്കോടതി