കൊച്ചി: ഇഡി സമൻസിനെതിരെ മുൻ ധനമന്ത്രി ഡോ തോമസ് ഐസക് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. മസാലബോണ്ടിനെതിരായ ഇ ഡി അന്വേഷണം ചോദ്യം ചെയ്ത് കിഫ്ബിയും സമർപ്പിച്ച ഹർജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. കിഫ്ബിയുടെ മസാലബോണ്ടുമായി ബന്ധപ്പെട്ട് ഇ ഡി നൽകിയ നോട്ടീസുകൾ നിയമപരമല്ലെന്നാണ് തോമസ് ഐസക്ക് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. എന്നാൽ അന്വേഷണം പ്രാരംഭ ഘട്ടത്തിലായതിനാൽ തോമസ് ഐസകിൻ്റെ പങ്കാളിത്തം സംബന്ധിച്ച് ഇപ്പോൾ ഒന്നും പറയാനാകില്ലെന്ന് ഇ ഡി ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്ങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു.
ഇഡിയുടെ സമൻസ് ചോദ്യം ചെയ്യാൻ വ്യക്തികൾക്ക് കഴിയില്ലന്നും അന്വേഷണത്തിൻ്റെ ഭാഗമായ രേഖകൾ ഹാജരാക്കാനാണ് തോമസ് ഐസക്കിന് സമൻസ് അയച്ചതെന്നുമാണ് ഇ ഡി യു ടെ നിലപാട്. അതേസമയം, മസാലാബോണ്ടിനെതിരായ ഇ ഡി അന്വേഷണം നിയമവിരുദ്ധമാണെന്നാണ് കിഫ്ബി സമർപ്പിച്ച ഹർജിയിൽ വ്യക്തമാക്കിയിരിക്കുന്നത്.