എസ്ഡിപിഐ അംഗങ്ങളുടെ പിന്തുണയോടെ യുഡിഎഫ് നയിക്കുന്ന പോരുവഴി പഞ്ചായത്തുഭരണം പ്രതിസന്ധിയിൽ. കെപിസിസിയുടെ പ്രഖ്യാപിത നയത്തിനു വിരുദ്ധമായ കൂട്ടുകെട്ടാണ് പോരുവഴിയിലേതെന്നു പറഞ്ഞ് ഒരുവിഭാഗം കോൺഗ്രസ് നേതാക്കൾ പരസ്യമായി രംഗത്തെത്തി.
യുഡിഎഫ് -അഞ്ച്, എൽഡിഎഫ് -അഞ്ച്, ബിജെപി- അഞ്ച്, എസ്‌ഡിപിഐ -മൂന്ന് എന്നിങ്ങനെയാണ് പോരുവഴിയിലെ കക്ഷിനില. എസ്‌ഡിപിഐ അംഗങ്ങളുടെ പിന്തുണയോടെ യുഡിഎഫ് ഭരണത്തിലേറുകയായിരുന്നു.
എസ്ഡിപിഐ–യുഡിഎഫ് കൂട്ടുകെട്ടിലുള്ള ഭരണസമിതിക്ക് ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണ ആശംസ അറിയിച്ച് ഫെയ്‌സ്‌ബുക്കിൽ പോസ്റ്റിട്ടത് വിവാദമായിരുന്നു. തുടർന്ന് ബിന്ദുകൃഷ്ണ പോരുവഴി പഞ്ചായത്ത് പ്രസിഡന്റ് ബിനു മംഗലത്തിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. നിലവിൽ ഐഎൻടിയുസി മണ്ഡലം പ്രസിഡന്റാണ് ബിനു മംഗലത്ത്.