സംസ്ഥാനത്തെ പോപ്പുലർ ഫ്രണ്ട് ഓഫീസുകൾ ഇന്ന് പൂട്ടും. കോഴിക്കോട് സംസ്ഥാന സമിതി ഓഫീസ്, ആലപ്പുഴ മണ്ണഞ്ചേരി, തിരുവനന്തപുരം മണക്കാട്, പട്ടാമ്പി, പന്തളം, ആലുവ, അടൂർ, കണ്ണൂർ, തൊടുപുഴ, തൃശൂർ, കരുനാഗപ്പള്ളി, മലപ്പുറം, മാനന്തവാടി, കാസർഗോഡ് തുടങ്ങിയ സ്ഥലങ്ങളിലെ ഓഫീസുകളാണ് ആദ്യഘട്ടത്തിൽ പൂട്ടുന്നത്.
പോപ്പുലർ ഫ്രണ്ടിനെ കേന്ദ്ര സർക്കാർ നിരോധിച്ചതിനു പിന്നാലെ കർശനനടപടികൾ നിർദേശിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയിരുന്നു. സംസ്ഥാന കമ്മറ്റി ഓഫീസുകൾ പൂട്ടാനുള്ള തീരുമാനം ഇതിൻ്റെ ഭാഗമാണ്. പോപ്പുലർ ഫ്രണ്ടിൻ്റെയും അനുബന്ധ സംഘടനകളുടെയും ഓഫീസുകൾ പൂട്ടി സീൽ വെക്കുന്നതിന് പുറമെ നേതാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു. കലക്ടർമാർക്കും ജില്ലാ പൊലീസ് മേധാവിമാർക്കുമാണ് നടപടികൾക്കുള്ള അധികാരം നൽകിയിരിക്കുന്നത്. ആഭ്യന്തരസെക്രട്ടറിയാണ് ഉത്തരവിറക്കിയത്. നടപടികൾ ക്രമീകരിക്കാൻ ഡിജിപി ഉടൻ സർക്കുലറും പുറത്തിറക്കും.
ബുധനാഴ്ചയാണ് പോപ്പുലർ ഫ്രണ്ടിനെ നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിച്ചത്. അഞ്ചുവര്‍ഷത്തേക്കാണ് നിരോധനം. റിഹാബ് ഇന്ത്യാ ഫൗണ്ടേഷൻ, ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓൾ ഇന്ത്യാ ഇമാംസ് കൗൺസിൽ, നാഷണൽ കോൺഫെഡറേഷൻ ഓഫ് ഹ്യൂമൻ റൈറ്റ് ഓർഗനൈസേഷൻ, നാഷണൽ വുമൺ ഫ്രണ്ട്, ജൂനിയർ ഫ്രണ്ട്, എംപവർ ഇന്ത്യാ ഫൗണ്ടേഷൻ, റിഹേബ് ഫൗണ്ടേഷൻ എന്നീ പോപ്പുലർ ഫ്രണ്ടിൻ്റെ അനുബന്ധ സംഘടനകൾക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.