നടിയെ ആക്രമിച്ച കേസിലെ പൊലീസ് നടപടികളെ പരിഹസിച്ച ദിലീപിൻ്റെ പ്രസ്താവന ആഘോഷമാക്കി മനോരമ. ഈയിടെയായി ഏറ്റവും കൂടുതല്‍ ഫോണ്‍ വാങ്ങുന്ന ആള് താനാണെന്നും ഏതു പുതിയ ഫോണ്‍ വാങ്ങിയാലും അത് പൊലീസുകാര്‍ കൊണ്ടുപോകുമെന്നും ഒരു മൊബൈല്‍ ഷോറൂമിൻ്റെ ഉദ്ഘാടന വേദിയില്‍ ദിലീപ് പറഞ്ഞിരുന്നു. നടിയെ ആക്രമിച്ച കേസിൻ്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ദിലീപിൻ്റെയും സുഹൃത്തുകളുടെയും ഫോണുകള്‍ പൊലീസ് പലതവണ പിടിച്ചെടുക്കുകയും പരിശോധിക്കുകയും ചെയ്തിരുന്നു. ഇതിനെ പരിഹസിച്ചുകൊണ്ടായിരുന്നു ദിലീപിൻ്റെ വാക്കുകള്‍.
ഈ പരിഹാസവാക്കുകളെ ആഘോഷമായി ഏറ്റെടുത്തുകൊണ്ടായിരുന്നു മലയാള മനോരമ വാര്‍ത്ത നല്‍കിയത്. ഏത് ‘പുതിയ ഫോണ്‍ വാങ്ങിച്ചാലും പൊലീസുകാര്‍ കൊണ്ടുപോകും: ദിലീപിന്റെ തഗ്’ എന്ന തലക്കെട്ടിലായിരുന്നു വാര്‍ത്ത. പ്രത്യേകം പോസ്റ്ററടക്കം തയ്യാറാക്കിയായിരുന്നു പൊലീസിനെതിരായ പരിഹാസം മനോരമ ‘തഗ്’ ആക്കി മാറ്റിയത്
പൊലീസിനെ കളിയാക്കുന്ന പ്രതിയുടെ വര്‍ത്തമാനം ‘തഗ്’ ആക്കിയ മനോരമയ്ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായിട്ടുണ്ട്. ഏറെ പ്രമാദമായ കേസില്‍ പൊലീസിനെതിരായ പ്രതിയുടെ പരിഹാസങ്ങള്‍ നോര്‍മലൈസ് ചെയ്ത് വാര്‍ത്ത നല്‍കുന്നത് ശരിയല്ലെന്നും നിയമ നടപടികളെ പ്രതി പരിഹസിക്കുമ്പോള്‍ ആ ആരോപണങ്ങള്‍ ശരിവയ്ക്കുന്നതിന് തുല്യമാണ് ഇത്തരം വാര്‍ത്തകളെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.