പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ നടന്ന അക്രമ സംഭവങ്ങളിൽ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൾ സത്താറിനെ കേരളത്തിലെ മുഴുവൻ കേസുകളിലും പ്രതിചേർക്കും. ഇതുസംബന്ധിച്ച് ഹൈക്കോടതി സംസ്ഥാന സർക്കാരിന് നിർദേശം നൽകി. മിന്നൽ ഹർത്താൽ നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി പിഎഫ്ഐക്കെതിരെ ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് നടപടി. ഹർത്താൽ ആഹ്വാനം ചെയ്തതിന് പിന്നാലെ സർക്കാർ കർശന നടപടിയുമായി മുന്നോട്ടു പോയതോടെ അബ്ദുൾ സത്താർ ഒളിവിലായിരുന്നു. ബുധനാഴ്ചയാണ് ഇയാൾ അറസ്റ്റിലായത്.
അതേസമയം പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ അക്രമം അഴിച്ചുവിട്ടവർക്ക് നഷ്ടപരിഹാരം കെട്ടിവച്ചാൽ മാത്രം ജാമ്യം നൽകിയാൽ മതിയെന്ന് ഹൈക്കോടതി ഉത്തരവിറക്കിയിരുന്നു. ഇത് സംബന്ധിച്ച് എല്ലാ മജിസ്ട്രേറ്റ് കോടതികൾക്കും നിർദേശം നൽകുമെന്നും ഹൈക്കോടതി വ്യക്തമാക്കി. ആരാണോ ഹർത്താലിന് ആഹ്വാനം ചെയ്തത് അത് മൂലം പൊതുഖജനാവിനും സ്വകാര്യ സ്വത്തിനുമുണ്ടാകുന്ന നഷ്ടത്തിന് ഹർത്താലിന് ആഹ്വാനം ചെയ്തവർക്ക് ഉത്തരവാദിത്വമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. നഷ്ടപരിഹാരത്തുക കെട്ടിവയ്ക്കാൻ തയ്യാറാകാത്തവരുടെ സ്വത്ത് കണ്ടുകെട്ടുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കാമെന്നും കോടതി പറഞ്ഞു. ഹർത്താൽ അക്രമങ്ങളുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് ഡിവിഷൻ ബെഞ്ചിൻ്റെ തീരുമാനം.