തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പിരിച്ചുവിട്ടതായി സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്‌ദുൽ സത്താർ. രാജ്യത്തിൻ്റെ നിയമം അനുസരിക്കുന്ന പൗരന്മാർ എന്ന നിലയിൽ സംഘടന ആഭ്യന്തര മന്ത്രാലയത്തിൻ്റെ തീരുമാനം അംഗീകരിക്കുന്നതായും അബ്ദുൽ സത്താർ പ്രസ്താവനയിലൂടെ അറിയിച്ചു.
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പിരിച്ചുവിട്ടതായി അതിൻ്റെ എല്ലാ അംഗങ്ങളെയും പൊതുജനങ്ങളെയും അറിയിക്കുന്നു. നിയമവിരുദ്ധമെന്ന വിജ്ഞാപനം പ്രസിദ്ധീകരിച്ചതു മുതൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവർത്തനങ്ങൾ നിർത്താൻ എല്ലാ അംഗങ്ങളോടും അഭ്യർഥിക്കുന്നതായും അബ്‌ദുൽ സത്താർ പ്രസ്താവനയിലൂടെ അറിയിച്ചു.
ഇന്ന് രാവിലെയാണ് പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയത്. നിയമവിരുദ്ധ പ്രവർത്തനങ്ങൾ ആരോപിച്ച് അഞ്ചുവർഷത്തേയ്ക്കാണ് പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചത്. യുഎപിഎ നിയമത്തിൻ്റെ 35-ാം വകുപ്പു പ്രകാരമാണ് നടപടി. ഈ നിയമപ്രകാരം ഇതുവരെ 42 സംഘടനകളെ നിരോധിച്ചിട്ടുണ്ട്. പോപ്പുലർ ഫ്രണ്ടിനൊപ്പം റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ, ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ, നാഷണൽ കോൺഫഡറേഷൻ ഓഫ് ഹ്യൂമൻ റൈറ്റ്സ് ഓർഗനൈസേഷൻ, നാഷണൽ വിമൻസ് ഫ്രണ്ട്, ജൂനിയർ ഫ്രണ്ട്, എംപവർ ഇന്ത്യ ഫൗണ്ടേഷൻ, റിഹാബ് ഫൗണ്ടേഷൻ കേരള എന്നീ അനുബന്ധ സംഘടനകൾക്കാണ് നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്. ഐഎസ് പോലുള്ള ആഗോള തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് വ്യക്തമാക്കിയാണ് പോപ്പുലർ ഫ്രണ്ടിന് കേന്ദ്രം നിരോധനം ഏർപ്പെടുത്തിയത്.